Skip to main content

പേടിയില്ലാതെ യാത്ര ചെയ്യാന്‍ ജില്ലയിലുടനീളം വിദ്യാര്‍ത്ഥി യാത്ര സൗഹൃദ കേന്ദ്രങ്ങള്‍

പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെയും ധൈര്യത്തോടുകൂടിയും യാത്ര ചെയ്യാന്‍ ജില്ലയിലെ എല്ലാ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും വിദ്യാര്‍ത്ഥി യാത്ര സൗഹൃദ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യാത്ര സംബന്ധമായ ഏതു പരാതിയും വിദ്യാര്‍ത്ഥി യാത്ര സൗഹൃദ കേന്ദ്രങ്ങളില്‍ അറിയിക്കാം. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതികള്‍ പരിശോധിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും. ആര്‍.ടി.ഒ എന്‍ഫോഴ്‌സമെന്റിലെ ഉദ്യോഗസ്ഥരായിരിക്കും കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുക. അതിനായി ഓരോ ബസ് സ്റ്റാന്‍ഡിലും മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റൂമുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കൂടാതെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബസുകളിലും ഹൈല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഉള്‍പ്പെടുന്ന സ്റ്റിക്കറുകളും പതിക്കും.
വാഹനങ്ങളില്‍ സുരക്ഷാ സ്റ്റിക്കര്‍ നിര്‍ബന്ധം
മെയ് 29 ന് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പടെ എല്ലാ  വാഹനങ്ങളും പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ്  സുരക്ഷാസ്റ്റിക്കര്‍ നല്‍കും. സ്റ്റിക്കര്‍ പതിക്കാത്ത ഒരു വാഹനവും  സര്‍വീസ് നടത്താന്‍ പാടില്ല.  സിറ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരുന്നില്ലെന്ന ഉറപ്പു വരുത്താന്‍ ു പ്രധാന അധ്യാപകരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ, വാന്‍, ജീപ്പ് തുടങ്ങിയവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു പോകരുത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും
വിദ്യാലയങ്ങളിലെ മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ സാധുവാണോ എന്ന് പരിശോധിക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി കാര്യക്ഷമതയും സുരക്ഷയും  ഉറപ്പ് വരുത്തും. ഈ വര്‍ഷത്തെ ഐ ഡി ടി ആര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സ്‌കൂള്‍  വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടു പോകുന്നതില്‍ അനുവാദമുള്ളൂ. അമിത വേഗത തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും വേഗപ്പൂട്ടുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കും. വാഹനങ്ങളില്‍ വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം (വി.എല്‍.ടി.എസ്, ജി.പി.എസ്) നിര്‍ബന്ധമാണ്. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള ബട്ടനുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. ജി.പി.എസില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് ശ്രദ്ധിക്കുകയും സമയബന്ധിതമായി ഇടപെടുകയും വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിക്കുകയും വേണം. സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ (പേര്, ക്ലാസ്, കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലം, രക്ഷിതാവിന്റെ പേര്, ഫോണ്‍നമ്പര്‍) സ്‌കൂള്‍ അധികൃതര്‍ ആര്‍.ടി.ഒയ്ക്ക് നല്‍കും.

 

date