Skip to main content

ഭക്ഷ്യ സുരക്ഷാ വാരാചരണം: ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം അല്‍ അസറിന് 

ലോക ഭക്ഷ്യസുരക്ഷാ വാരാചരണത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പും ദേശീയ അരോഗ്യ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നിന്നായി 30 ടീമുകളിലായി 60 മത്സരാര്‍ത്ഥികള്‍  പങ്കെടുത്തു. ഭക്ഷ്യ സുരക്ഷയെ സംബന്ധിക്കുന്നതും രുചി ഭേദങ്ങളുടെ ശാസ്ത്രവുമായിരുന്നു ചോദ്യങ്ങളില്‍ അധികവും.  35 ചോദ്യങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. തൊടുപുഴ അല്‍- അസര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ബാസിദ് കെ.എസ്, വിശാല്‍ മനോജ് എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5000 രൂപയും സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അവസരവുമാണ് ഒന്നാം സമ്മാനം.  സിദ്ധാര്‍ത്ഥ് ആര്‍ വൈലോപ്പിള്ളി, ജോസ് തോമസ് എന്നിവരുടെ ടീം രണ്ടാം സമ്മാനമായ രണ്ടായിരം രൂപയും സംസ്ഥാന തല മത്സരപ്രവേശനവും ഉറപ്പിച്ചു. ബിന്‍ഷാ   അബൂബക്കര്‍, ഫാത്തിമാ നാസര്‍ എന്നിവരുടെ ടീം മുന്നാം സമ്മാനമായ 1500 രൂപയും സംസ്ഥാന തല മത്സരത്തിന് പ്രവേശനവും നേടി.  
 ഇടുക്കി മെഡിക്കല്‍ കോളേജ് ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. സജിത് ജോണ്‍ ക്വിസ് മാസ്റ്ററായിരുന്നു.  ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്  കമ്മീഷണര്‍ കെ.പി രമേഷ്   പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍ ആനന്ദ കേശവന്‍, സീനിയര്‍ പീഡിയാട്രീഷന്‍ ഡോ. ജാനറ്റ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു എന്നിവര്‍  ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.
ജൂണ്‍ ഏഴ് ലോകഭക്ഷ്യസുരക്ഷാദിനത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നു മുതല്‍ ഏഴു വരെ ഭക്ഷ്യസുരക്ഷ വാരമായിട്ട് ആചരിക്കും. ഇതിന്റെ ഭാഗമായി ഏഴു ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ശുചിയായ പാചകരീതിയെക്കുറിച്ചും വൈവിദ്ധ്യമാര്‍ന്ന രീതിയില്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യകേരളവും നാഷണല്‍ ഹെല്‍ത്ത് മിഷനും പബ്ലിക് റിലേഷന്‍ വകുപ്പും ചേര്‍ന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ ഒരുക്കുന്നത്.
 

date