Skip to main content

ചീയപ്പാറയില്‍ സുരക്ഷാവേലികള്‍  സ്ഥാപിച്ചു

ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചീയപ്പാറയില്‍ വനംവകുപ്പ് സുരക്ഷവേലികള്‍ നിര്‍മ്മിച്ചു. മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രവും ഇടത്താവളവുമാണ് ചീയപ്പാറ.വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മഴക്കാലങ്ങളില്‍ ശക്തമായ നീരൊഴുക്കും വേനല്‍കാലങ്ങളില്‍ നീരൊഴുക്ക് പൂര്‍ണമായും നിലക്കാറുമാണ് പതിവ്. വര്‍ഷംതോറും ഇവിടെ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു വരുന്നു. ചീയപ്പാറയില്‍ എത്തുന്ന സഞ്ചാരികളിലേറെ പേരും  മണിക്കൂറുകളോളം സമയം ചിലവഴിച്ചാണ്  മടങ്ങുന്നത്. വനംവകുപ്പ് സുരക്ഷാ വേലികള്‍ തീര്‍ത്ത സാഹചര്യത്തില്‍ ഇനി സഞ്ചാരികള്‍ക്ക് റോഡരികില്‍ നിന്ന് സുരക്ഷിതമായ സാഹചര്യത്തില്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനാകും.
    വലിയ പാറക്കെട്ടുകളും അപകടകരമായ കുഴികളും നിറഞ്ഞ ഇവിടെ സഞ്ചാരികള്‍ അപകടസാധ്യതകള്‍ മനസിലാക്കാതെ ഫോട്ടോ എടുക്കുന്നതും സെല്‍ഫി എടുക്കുന്നതും പതിവായിരുന്നു. മുമ്പും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള മേഖലയില്‍ വനംവകുപ്പിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നാണ് വഴിയോര കച്ചവടക്കാരും വിനോദ സഞ്ചാരികളും ഒരുപോലെ അഭിപ്രായപ്പെട്ടു.വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതകളുടെ വശങ്ങളിലാണ്  വേലി തീര്‍ത്തിട്ടുള്ളത്.വിനോദ സഞ്ചാരികള്‍ പാറക്കെട്ടുകളിലേക്ക് കയറാതിരിക്കാന്‍  മേഖലയില്‍ പോലീസ് വകുപ്പിന്റെ ജാഗ്രതാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

date