Skip to main content

തൊഴിലുറപ്പ് പദ്ധതിയില്‍  വിവിധ പ്രവൃത്തികള്‍ക്ക് അപേക്ഷിക്കാം

തൊഴിലുറപ്പ് പദ്ധതിയില്‍
 വിവിധ പ്രവൃത്തികള്‍ക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും കമ്പോസ്റ്റ് പിറ്റ്, വെര്‍മികമ്പോസ്റ്റ്, കിണര്‍ റീചാര്‍ജ്ജിങ്ങ് എന്നിവ സൗജന്യമായി ചെയ്തുകൊടുക്കും. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അതത് ഗ്രാമപഞ്ചായത്തുകളില്‍ സമര്‍പ്പിക്കണം. കൂടാതെ വൃക്തിഗത ജീവനോപാധി സംരക്ഷണ പ്രവര്‍ത്തങ്ങളായ കാലിതൊഴുത്ത്, തീറ്റപ്പുല്‍  കൃഷി, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍, പാചകപ്പുര, ഡൈനിംഗ് ഹാള്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയും തയ്യാറാക്കി നല്‍കും. ഫോണ്‍ : 0495 2375953.

 

 

 

ടോപ്പേര്‍സ് മീറ്റ് നാളെ(ജൂണ്‍ ഒന്ന്)

 

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനും വിദ്യാലയങ്ങളെ ആദരിക്കുന്നതിനുമായി നാളെ (ജൂണ്‍ 1) കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ടോപ്പേര്‍സ് മീറ്റ് 2019 എന്ന പേരില്‍ അനുമോദന ചടങ്ങ് സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് നേടിയവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്.  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ മാമ്പറ്റ ശ്രീധരന്‍ അധ്യക്ഷനായിരിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷ് വിശിഷ്ടാതിഥിയായിരിക്കും. വൈകല്യങ്ങളോട് പൊരുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവിക സി.പി, അബോധാവസ്ഥയിലായ അച്ഛനെ ഉണര്‍ത്താന്‍ ഉറക്കെ വായിച്ച് എപ്ലസ് നേടിയ പി.ആര്‍ ആര്യാരാജ് തുടങ്ങിയവരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

 

 

 

 

സായംപ്രഭാ ഹോമിലേക്ക്  അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ ആശ്രയ സായംപ്രഭാ ഹോമിലേക്ക്  പ്രവേശനത്തിന് താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള, ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ ആളുകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പകല്‍ സമയങ്ങളില്‍ വീടുകളില്‍ തനിച്ച് കഴിയേണ്ടിവരുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവരെ അവരുടെ വീടുകളില്‍ നിന്നും സായംപ്രഭാ ഹോമിലേക്കും വൈകുന്നേരം തിരിച്ച് വീടുകളിലേക്കും എത്തിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ലഘു ഭക്ഷണവും, ശാരീരിക മാനസിക ഉ•േഷത്തിനാവശ്യമായ കാര്യങ്ങളും ഹോമില്‍ ലഭ്യമാണ്. കൂടാതെ പ്രത്യേക ദിവസങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. സായംപ്രഭാ ഹോമില്‍ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായിരിക്കും. പ്രവേശനത്തിനുള്ള അപേക്ഷ ഫോറം ജൂണ്‍ ഒന്ന് മുതല്‍ സ്വീകരിക്കും. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിശദാംശങ്ങള്‍ക്കും ഫോണ്‍ - 9847713427,    8078983427.

 

 

 

കരാറടിസ്ഥാനത്തില്‍ നിയമനം

 

 

കോഴിക്കോട്  സിവില്‍ സ്റ്റേഷനിലെ  സി - ബ്ലോക്ക് - നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസില്‍ ഐ.ടി പ്രൊഫഷണല്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു

 

യോഗ്യത : MCA / MSc Computer Science / M.Tech-Computer Science ; പ്രതിമാസ ശമ്പളം : 25000/- രൂപ; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍കൂര്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ  jpcmgnregskkd1@gmail.com    എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952377188 എന്ന നമ്പറിലോ ഓഫീസുമായി  നേരിട്ടോ ബന്ധപ്പെടുക.

 

 

 

 

 

date