Skip to main content

വിവരാവകാശം: മറുപടി രേഖാ മൂലം തന്നെ നല്‍കണമെന്ന് കമ്മീഷണര്‍ 

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രേഖാമൂലം  മറുപടി നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എല്‍ വിവേകാനന്ദന്‍. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ അദാലത്തില്‍ പരാതികള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസുമായി ബന്ധപ്പെട്ട് രേഖാമൂലം വിവരം ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷയില്‍ വിവരം ഫോണ്‍ മുഖാന്തിരം അറിയിച്ചിരുന്നുവെന്ന മറുപടിയാണ് ആര്‍ ആര്‍ ദേവസ്വം ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ നിന്ന് കമ്മീഷന് ലഭിച്ചത്. എന്നാല്‍ നിയമത്തില്‍ ഇത്തരത്തിലൊരു വ്യവസ്ഥയില്ലെന്നും അതിനാല്‍ ഇതിനെതിരെ സെക്ഷന്‍ 21 പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
വിവരാവകാശത്തിന് മറുപടി നല്‍കേണ്ടതില്ല എന്ന തോന്നല്‍ പല ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. വിവരാവകാശ നിയമം ഉദ്യോഗസ്ഥര്‍ ഗൗരവമായി കാണുന്നില്ലെന്നും പലര്‍ക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.  മറുപടി ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു, കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിക്കുന്നത്.കൃത്യമായി മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച 20 പരാതികളില്‍ 19 എണ്ണം പരിഗണിച്ചു. കെ എസ് ഇ ബിക്കെതിരെ ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ടവര്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റി.
അപേക്ഷ നല്‍കി 69 ദിവസത്തിന് ശേഷമാണ് മറുപടി ലഭിച്ചതെന്ന പരാതിയില്‍ തലശ്ശേരി കോപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജിനെതിരെ നടപടി സ്വീകരിക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു. 30 ദിവസത്തിന് ശേഷമുള്ള ഓരോ ദിവസവും 250 രൂപ വീതം പിഴയീടാക്കാനാണ് തീരുമാനം. വിവരം നല്‍കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാവും പിഴ അടക്കേണ്ടി വരിക.  വിവരാവകാശവുമായി ബന്ധപ്പെട്ട അപേക്ഷയില്‍ വെബ്‌സൈറ്റ് പരിശോധിക്കാനാണ് കെ എസ് ഇ ബി അധികൃതര്‍ മറുപടിയില്‍ നിര്‍ദേശിച്ചത്. വിവരം നല്‍കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ എടുക്കുന്ന എളുപ്പവഴിയാണിത്. ഇത്തരത്തില്‍ മറുപടി നല്‍കാന്‍ പാടില്ലെന്നും കൃത്യമായ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് കൈമാറാന്‍ വൈകിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെയും അപേക്ഷയില്‍ മറുപടി നല്‍കാന്‍ കാലതാമസമുണ്ടായതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസിനെതിരെയും പരാതി ലഭിച്ചു.
ഒരേ സമയം ഒരേ വിഷയത്തില്‍ നിരവധി അപേക്ഷകള്‍ ഓഫീസുകളില്‍ വരുന്നത്  ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷണര്‍ വിലയിരുത്തി.  എയ്ഡഡ് സ്‌കൂളുകളും കോളേജുകളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

date