Skip to main content

ജില്ലയിലെ പുഴ, ജലസംരക്ഷണ നേട്ടങ്ങൾ കണ്ടറിഞ്ഞ് ജനപ്രതിനിധികളും വിദഗ്ധ സംഘവും

ആലപ്പുഴ:തിരുവനന്തപുരത്ത് നടക്കുന്ന ജല സംഗമത്തിന് മുന്നോടിയായി ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ജനപ്രതിനിധികളടക്കമുള്ള വിദഗ്ധസംഘം ബുധനാഴ്ച വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  സന്ദർശന-പഠന പരിപാടിയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. ബോംബെ ഐഐടി, കില  എന്നിവ സംയുക്തമായി ഹരിതകേരളം മിഷൻ, കാൻ ആലപ്പി എന്നിവയുടെ സഹകരണത്തോടെ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് സംഘം കണ്ടറിഞ്ഞത്. ആലപ്പുഴയിൽ നടക്കുന്ന കനാൽ ശുചീകരണം, മാലിന്യസംസ്‌കരണത്തിലെ ആലപ്പുഴ മോഡൽ തുടങ്ങിയവയെക്കുറിച്ച് ബോംബെ ഐഐടിയിലെ പ്രൊഫ. എൻ സി നാരായണൻ വിശദീകരിച്ചു.

 ജില്ലയിൽ 2011 ൽ ആരംഭിച്ച ആലിശ്ശേരി മാലിന്യസംസ്‌കരണ കേന്ദ്രമാണ് സംഘം ആദ്യം സന്ദർശിച്ചത്. ഇവിടെ 2000 കിലോഗ്രാം ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യമുണ്ട്്.  പ്ലാസ്റ്റിക് ശേഖരണത്തിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വളം സൗജന്യമായി പച്ചക്കറി കർഷകർക്കും മറ്റും നൽകി വരികയാണ്.  ഹരിത കർമ്മസേനയുടെ  പ്രവർത്തനങ്ങൾ  വളരെ സജീവമാണെന്നും സംഘം വിലയിരുത്തി. നഗരസഭയുടെ ജൈവമലിന്യ സംസ്‌കരണത്തോടൊപ്പം  മെറ്റീരിയൽ കളക്ഷൻസ് ഫെസിലിറ്റേഷൻ സെൻറർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സംഘാംഗങ്ങൾ ഇവിടുത്തെ  പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു.  തുടർന്ന് മുപ്പാലത്തേക്ക് നീങ്ങിയ സംഘം കനാൽ നവീകരണ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു.  ആലപ്പുഴയിലും സമീപത്തുമായി ഒമ്പതോളം കനാലുകൾ ആണ് ഉള്ളത്. ഇതിൻറെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.  ഫെബ്രുവരിയിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇപ്പോൾ സജീവമായി തുടരുന്നത്. പ്രളയത്തിനുശേഷം കനാലിൽ അടിഞ്ഞുകൂടിയ എക്കൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാണ് ഏറെ പ്രാധാന്യം നൽകിവരുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശപ്രകാരം വിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുകൊാണ് കനാൽ നവീകരണ പ്രക്രിയ മുന്നോട്ടുപോകുന്നത്. സംഘം പിന്നീട് മുപ്പാലത്തിനു സമീപമുള്ള മലിനജല സംസ്‌കരണ പ്ലാൻറ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ഗ്രീൻ ട്രാക്ക് ട്രീറ്റ്‌മെൻറ് സർവീസിന്റെ് പ്രവർത്തനമാണ് വിലയിരുത്തിയത്. മലിന ജലം ശുദ്ധീകരിക്കുന്ന പ്ലാൻറ് ആണിത്്.  തുടർന്ന് ചാത്തനാട് മുനിസിപ്പൽ കോളനിയിലെ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. 58 വീടുകളാണ് ഇവിടെയുള്ളത്. ഇതിൽ 53 എണ്ണത്തിനും കക്കൂസ് നിർമിച്ചു നൽകി. ഏജൻസികളുടെ സഹായത്തോടെ ആണ് സർക്കാർ ഇത് പ്രാവർത്തികമാക്കിയത്. 15 ലക്ഷം രൂപയോളം ഇതിന് ചെലവായിട്ടുണ്ട്.  കൂടാതെ സിസിടിവി ക്യാമറകൾ, കക്കൂസ്, കുളിമുറി എന്നിവ സ്ഥാപിച്ചു.

മൂവായിരത്തോളം പേരുടെ സന്നദ്ധ പ്രവർത്തനം
തോട്ടുവാത്തല തോട് വൃത്തിയാക്കി

കഴിഞ്ഞ ദിവസം മൂവായിരത്തോളം പേർ ചേർന്ന് സന്നദ്ധ പ്രവർത്തനത്തിലൂടെ വൃത്തിയാക്കിയ നെടുമുടി പഞ്ചായത്തിലെ തോട്ടവാത്തല തോടും സംഘം സന്ദർശിച്ചു. 2500 മീറ്റർ നീളം വരുന്ന ഈ തോട് ജനകീയ പങ്കാളിത്തത്തോടെയാണ് പുനർജ്ജീവിപ്പിച്ചത്. നെടുമുടി പഞ്ചായത്തിലെ മൂന്നു വാർഡുകളിലെ നെൽകൃഷിക്ക് ഏറെ ഉപകാരപ്പെടുന്ന തോടാണിത്. കൂടാതെ മുതലപ്പൊഴിയും സംഘം സന്ദർശിച്ചു.  ജില്ലയിലെ കനാലുകളുടെ നവീകരണം, റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുഴകളുടെ പുനരുജ്ജീവിപ്പിക്കൽ തുടങ്ങി ജല സംരക്ഷണ പ്രവർത്തനങ്ങളും അതിൻറെ മാതൃകയും പഠിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്. രാവിലെ ചുങ്കത്തെ കയർ മാനുഫാക്ചറിങ് കമ്പനിയുടെ സെമിനാർ ഹാളിൽ  ആലപ്പുഴയിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്ലാസ് ഉണ്ടായിരുന്നു.  മുംബൈ ഐ.ഐ.ടിയിലെ  പ്രഫസർ എം സി നാരായണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എൻവിയോൺമെൻറ് എൻജിനീയർ  പി ബിജു,  ഇറിഗേഷൻ അസിസ്റ്റൻറ് എഞ്ചിനീയർ രാജു ഹരിഹരൻ, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജയകുമാർ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ.് രാജേഷ് എന്നിവർ പഠന സംഘത്തിന് നേതൃത്വം നൽകി. 

(ചിത്രമുണ്ട്)

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസിൽ 120 അങ്കണവാടികളിൽ പ്രവേശനോതാസവം

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന 120 അങ്കണവാടികളിലായി പ്രവേശനോത്സവം മെയ് 30ന് സംഘടിപ്പിക്കും. അങ്കണവാടി അലങ്കരിക്കൽ, മധുരവിതരണം, പുതിയ കുട്ടികൾക്കുള്ള പ്രവേശനം എന്നിവ നടക്കും. പഞ്ചായത്ത് നഗരസഭാതലത്തിൽ ജനപ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 

ബ്ലോക്ക്തല ബാങ്കിങ് സമിതിയോഗങ്ങൾ ജൂൺ 11 മുതൽ

ആലപ്പുഴ: ബ്ലോക്ക്തല ബാങ്കിങ് സമിതിയോഗങ്ങൾ (ബി.എൽ.ബി.സി) ജൂൺ 11 മുതൽ 19 വരെ വിവിധ ബ്ലോക്കുകളിൽ നടക്കുമെന്ന് ജില്ല ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളിൽ 11നും ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിൽ 12നും ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിൽ 13നും ഭരണിക്കാവ്, മുതുകുളം ബ്ലോക്കുകളിൽ 14നും മാവേലിക്കര, ചെങ്ങന്നൂർ ബ്ലോക്കുകളിൽ 18നും അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്കുകളിൽ 19നും ആണ്  ബി.എൽ.ബി.സി യോഗങ്ങൾ.

കാവ് സംരക്ഷണത്തിനുള്ള ധനസഹായം                             അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന കാവ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം -വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  വ്യക്തികൾ, ട്രസ്റ്റുകൾ, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുള്ള കാവുകൾക്കാണ് ഈ ആനുകൂല്യം  ലഭിക്കുന്നത്.  ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവൽക്കരണ ഓഫീസിൽ നിന്നോ, വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ,  ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അതിനോടൊപ്പം കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകർപ്പ്, കാവിന്റെ 2 ഫോട്ടോ,  അപേക്ഷകന്റെ  തിരിച്ചറിയൽ രേഖയുടെ  പകർപ്പ്, കാവിന്റെ കൈവശാവകാശം /   ഉടമസ്ഥാവകാശം   തെളിയിക്കുന്ന  സർട്ടിഫിക്കറ്റ്,  കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്     എത്തിച്ചേരുന്നതിനുള്ള റൂട്ട് മാപ്പ് എന്നിവ സഹിതം  ജൂൺ 30ന്  വൈകിട്ട് അഞ്ചിനകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.  ദീർഘകാലാടിസ്ഥാനത്തിലുള്ള  പദ്ധതിയിൽ    ഉൾപ്പെടുത്തി മുൻ വർഷങ്ങളിൽ സാമ്പത്തിക സഹായം  ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ  സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 0477 - 2246034 

അർത്തുങ്കൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ;  ഇനി പെൺകുട്ടികൾക്കും പ്രവേശനം

ആലപ്പുഴ: അർത്തുങ്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് 8,9, ക്ലാസിലേക്ക് 2019-20   അധ്യയന വർഷം പ്രവേശനം  തുടങ്ങി. ഇത്തവണ മത്സ്യത്തൊഴിലാളികുടെ മക്കളായ പെൺകുട്ടികൾക്കും  അപേക്ഷിക്കാം.  താൽപര്യമുള്ളവർ സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്:  0478 2573357.

ജോലി ഒഴിവ്

ആലപ്പുഴ: അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാർഡൻ കം ട്യൂട്ടറുടെ ഒഴിവിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എഡ്, ബിഎഡ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ഒന്നിന് രാവിലെ 11ന് സ്‌കൂളിൽ എത്തിച്ചേണം. ഫോൺ: 9744293930.

വനമിത്ര അവാർഡ്   അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ  ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ്   വനമിത്ര അവാർഡ് നൽകുന്നു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് ഈ അവാർഡ്.  പരിസ്ഥിതിയും ജൈവവൈവിധ്യവും പരിരക്ഷിക്കുന്നതും വർദ്ധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്കാണ് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകുന്നത്. പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള  ആലപ്പുഴ ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ, പരിസ്ഥിതിപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ഈ അവാർഡിനായി പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാകുന്ന നിശ്ചിത        അപേക്ഷഫോമിൽ പൂരിപ്പിച്ച അപേക്ഷയും അപേക്ഷകൻ ചെയ്തിട്ടുള്ളതും  ചെയ്തു കൊണ്ടിരിക്കുന്നതുമായ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ടും സഹിതം         ജൂൺ 30ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്. മുൻവർഷങ്ങളിൽ അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലോ 0477 - 2246034 എന്ന ടെലിഫോൺ  നമ്പറിലോ ബന്ധപ്പെടുക.

അഭിമുഖം ജൂൺ മൂന്നിന്

ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ചെന്നൈയിലെ ഒരു പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക്  പ്ലസ്ടു/മൂന്നുവർഷ ഡിപ്ലോമയും ഒരു വർഷം എക്‌സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്കും ബിരുദവും അതിനു മുകളിലും  യോഗ്യതയുള്ളവർക്കും (എക്‌സ്പീരിയൻസ് ആവശ്യമില്ല)ജൂനിയർ ടെലികോളിങ് ഓഫീസർ തസ്തികയിലും ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് ഷോറൂം സ്റ്റാഫ്/ഫീൽഡ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കും ജൂൺ മൂന്നിന് രാവിലെ 10ന്  അഭിമുഖം നടക്കും.  കൂടുതൽ വിവരത്തിന് ഫോൺ: 0477 -2230624,  0477-2230626,  9656421872

സമഗ്രം  പദ്ധതി: അംഗത്വ രജിസ്‌ട്രേഷൻ ജൂൺ 30 വരെ

ആലപ്പുഴ: കേരള മോട്ടോർ  തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ മോട്ടോർ തൊഴിലാളികൾക്കും അംഗത്വം നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്രം 2019 പദ്ധതിയുടെ ഭാഗമായി അംഗത്വ രജിസ്‌ട്രേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൂൺ 30 വരെ സംഘടിപ്പിക്കുന്നു. എല്ലാ മോട്ടോർ തൊഴിലാളികളും പരമാവധി പ്രയോജനപ്പെടുത്തുക. ഫോൺ 0479-2410568.

പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി
രജിസ്‌ട്രേഷൻ ആരംഭിച്ചു

ആലപ്പുഴ: സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് നടത്തുന്ന പച്ച മലയാളം, അച്ഛീ ഹിന്ദി, ഗുഢ് ഇംഗ്ലീഷ് കോഴ്‌സുകളുടെ മൂന്നാം ബാച്ച് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാല് മാസമാണ് കോഴ്‌സിന്റെ കാലാവധി. വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ് 15 വയസ് കഴിഞ്ഞവർക്ക് കോഴ്‌സിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പരീക്ഷ നടത്തും. പരീക്ഷയിൽ വിജയികളാകുന്നവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സർട്ടിഫിക്കറ്റ് നൽകും. പൊതു അവധിദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ഫോൺ: 9446364181, 0477 2252095. 

വൈദ്യുതി മുടങ്ങും

 ആലപ്പുഴ:കാർത്തികപള്ളി ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ അറ്റകുറ്റപ്പണി     നടക്കുന്നതിനാൽ തയ്യിൽ ബ്രിഡ്ജ് , ചിങ്ങോലി വെസ്റ്റ് എന്നീ ട്രാൻസ്‌ഫോമർ ഏരിയയിൽ  മെയ് 30 രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date