Skip to main content

ജീവിതമാണ് ലഹരി: ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

ഭീകരവാദവും തീവ്രവാദവും പോലെ  സമൂഹത്തിലെ മഹാവിപത്താണ് ലഹരി വസ്തുക്കളുടെ ഉപയോഗവും മദ്യാസക്തിയുമെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിമുക്തി ബോധവല്‍ക്കരണ റാലി  ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഗാന്ധി ഉപയോഗിച്ച  സമരമുറകളിലൊന്നായിരുന്നു മദ്യവര്‍ജ്ജനം. ഈ രീതിയില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ത്ത് ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണം. സ്‌കൂളുകളിലും പരിസരത്തും ഐസ്‌ക്രീം, മിഠായി എന്നിവയുടെ രൂപത്തില്‍ ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുന്നു. ഇതില്‍ നിന്നും നമ്മുടെ കുട്ടികള്‍ മോചിതരാകാന്‍ പുകയില ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 
പുകയിലയും  ശ്വാസകോശാരോഗ്യവും എന്നതാണ് ഈ വര്‍ഷത്തെ പുകയില വിരുദ്ധ സന്ദേശം. ആര്‍മി സ്‌കൂള്‍, കോളേജ് ഓഫ് നഴ്സിംഗ്, സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, തോട്ടട ഗവ. പോളിടെക്നിക്, കൊയിലി സ്‌കൂള്‍ ഓഫ് നഴ്സിംഗ്, സിഎച്ച്എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, ചൊവ്വ എച്ച്എസ്എസ്,  ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗ്, ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍എസ്എസ്, എന്‍സിസി, എസ്പിസി കേഡറ്റുകള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്റ്റേഷന്‍ റോളര്‍ സ്‌കേറ്റിംഗ് സ്‌കൂളിലെ കുട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു. കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ടൗണ്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ എക്സൈസ് റേഞ്ച് പരിധികളിലായി ഫ്ളാഷ് മോബ്, പോസ്റ്റര്‍ പ്രചരണം, പുകയില വിരുദ്ധ മനുഷ്യ ചങ്ങല തുടങ്ങിയ പരിപാടികളും നടന്നു.
കണ്ണൂര്‍ കോര്‍പ്പറേഷന്‍  കൗണ്‍സിലര്‍ ലിഷാ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലക്ട്രേറ്റ് ബോധവല്‍ക്കരണ പരിസരത്ത് നടന്ന പരിപാടിയില്‍ എഡിഎം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി എക്സസൈസ് കമ്മിഷണര്‍ പി കെ സുരേഷ്, എന്‍ എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി സരീഷ്, കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍, വിമുക്തി ജില്ലാ മിഷന്‍ മാനേജര്‍ ഷാജി എസ് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date