Skip to main content

സിവില്‍ സ്റ്റേഷനില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം

 

· ജൂലൈ മുതല്‍ നടപ്പാകും
· 800 ഓളം ജീവനക്കാര്‍ പരിധിയില്‍ വരും

    ജൂലൈ ഒന്ന് മുതല്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ഓഫീസുകളിലും ശമ്പളവിതരണ സോഫ്റ്റവെയറുമായി (സ്പാര്‍ക്) ബന്ധപ്പെടുത്തിയ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടങ്ങുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രാഥമികതല യോഗം ചേര്‍ന്നു. ഓഫീസുകളില്‍  ജൂണ്‍ 15 നകം ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് മെഷിനുകള്‍ വാങ്ങുന്നതിനുളള നടപടികള്‍ സ്വീകരിച്ച് 30 നകം മെഷിനുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവില്‍ സ്റ്റേഷനുകളില്‍ മൂന്ന് മാസത്തിനകവും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ സിവില്‍ സ്റ്റേഷനില്‍മാത്രം എണ്ണൂറോളം സര്‍ക്കാര്‍ ജീവനക്കാരാണ് ആദ്യഘട്ടത്തില്‍ പഞ്ചിങ്ങ് സംവിധാനത്തിന്റെ കീഴിലാവുക. യു.ഐ.ഡി.എ.ഐ അംഗീകാരമുളള ആധാര്‍ അധിഷ്ഠിത ബയോമെട്രിക് അറ്റന്‍ഡന്‍സ് പഞ്ചിംഗ് മെഷിനാണ് സ്ഥാപിക്കേണ്ടത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഇവയുടെ വിവരങ്ങള്‍ ലഭ്യമാണ്. നേരിട്ടോ കെല്‍ട്രോണ്‍ മുഖേനയോ മെഷീന്‍ വാങ്ങാമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

date