Skip to main content

വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കണം : മോട്ടോർ വാഹന വകുപ്പ്

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപായി ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ജില്ലാ മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഓരോ വിദ്യാഭ്യാസ സ്ഥാപനവും അവരുടെ വിദ്യാർത്ഥികളുടെ യാത്രാ മാർഗം ഏതെന്നു തിരിച്ചറിയുകയും അതിനു വേണ്ട സുരക്ഷാനിർദേശം നൽകുകയും ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപുതന്നെ പരിശോധന നടത്തണം. ഇതോടൊപ്പം വാഹനങ്ങളുടെ രേഖകൾ കാലാവധി കഴിഞ്ഞിട്ടില്ലാത്തതാണെന്ന് സ്ഥാപന മേധാവി ഉറപ്പുവരുത്തുകയും ഇതിന്റെ ഒരു പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കുകയും വേണമെന്നും ആർ ടി ഒ നിർദേശിച്ചു.
വാഹനത്തിന്റെ ആർ സി ബുക്ക്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ടാക്‌സ് ടോക്കൺ, പുക പരിശോധന സർട്ടിഫിക്കറ്റ്, ഡ്രൈവർ സർട്ടിഫിക്കറ്റ് മുതലായ രേഖകൾ വാഹനത്തിൽ തന്നെ സൂക്ഷിക്കണം. ഇവയുടെയെല്ലാം കാലാവധി രേഖപ്പെടുത്തിയ ഒരു പകർപ്പ് വാഹനത്തിനുള്ളിൽ കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയും വേണം. പ്രവൃത്തി പരിചയമുള്ള യോഗ്യരായ ഡ്രൈവർമാരെ മാത്രം നിയോഗിക്കണം ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തവരെ സ്‌കൂൾ ബസ് ഡ്രൈവറായി നിയമിക്കാൻ പാടില്ല. ഇതുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു. 
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടോ അല്ലാതെയോ പുറത്തുനിന്നുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന് വാഹനങ്ങളുടെ മുൻപിലും പിറകിലും നിർബന്ധമായും പ്രദർശിപ്പിക്കണം. ഇത് വെള്ള പ്രതലത്തിൽ നീല അക്ഷരത്തിലാണ് തയ്യാറാക്കേണ്ടത്. യാത്ര ചെയ്യുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്സ്, വിലാസം, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ എന്നിവ ഓരോ വാഹനത്തിലും പ്രദർശിപ്പിക്കണം. ചൈൽഡ് ലൈൻ (1098), പോലീസ് (100), ആംബുലൻസ് (102), ഫയർ (101), മുതലായ എമർജൻസി ഫോൺ നമ്പറുകളും വാഹനത്തിലുണ്ടായിരിക്കണം. 
വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാനും വാഹനത്തിൽ കയറാനും ഇറങ്ങാനുമായി ഒരു സഹായിയുടെ സേവനവും ഉണ്ടാകണം. വാഹനത്തിൽ മരുന്നുകളോടു കൂടിയുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ് നിർബന്ധമാക്കണം. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് എന്നിവ പാടില്ല. വാഹനങ്ങളിൽ വിദ്യാർത്ഥികളെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് നിർദേശം നൽകണം. യാത്രയിൽ കൃത്യമായ സമയം പാലിക്കണം. വാഹനത്തിൽ പ്രവർത്തനക്ഷമമായ ഫയർ എക്‌സ്റ്റിൻഗ്വിഷർ ഉണ്ടായിരിക്കണം. സ്പീഡ് ഗവേണർ സ്ഥാപിച്ചിരിക്കണം. 
വാഹനത്തിൽ സുരക്ഷാ ഓഫീസർമാരായി അധ്യാപകരെ നിയമിക്കണം. വാഹനത്തിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും അവ പ്രവർത്തനക്ഷമമാണോയെന്നും സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ആർ ടി ഒ നിർദേശിച്ചു.

date