Skip to main content

ബാങ്കുകളിലെ നിക്ഷേപത്തില്‍ വര്‍ധനവ്

ജില്ലയിലെ ബാങ്കുകളില്‍ നിക്ഷേപത്തില്‍ വര്‍ധനവുള്ളതായി ബാങ്കിങ് അവലോകന സമിതി വിലയിരുത്തി. 34244 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളിലുള്ളത്. 2018 മാര്‍ച്ചില്‍ ഇത് 31838 കോടി രൂപയായിരുന്നു. അതേ സമയം പ്രവാസി നിക്ഷേപത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 10614 കോടി രൂപയാണ് പ്രവാസി നിക്ഷേപമുള്ളത്. 2018 ഡിസംബറില്‍ ഇത് 10620 കോടി ആയിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ച് വന്നതും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിക്ഷേപം പിന്‍വലിച്ചതുമാണ് കുറയാന്‍ കാരണമായി പറയുന്നത്. മുന്‍ഗണനാ മേഖലയില്‍ മാര്‍ച്ച് 2018 മുതല്‍ 14981 കോടി രൂപയാണ് വായ്പയായി നല്‍കിയത്.  മൊത്തം വായ്പയുടെ 64 ശതമാനമാണിത്. കാര്‍ഷിക മേഖലയില്‍ 7082 കോടിയും ചെറുകിട വ്യവസായങ്ങള്‍ക്കായി 2808 കോടിയും മറ്റു മുന്‍ഗണനാ മേഖലയില്‍ 5091 കോടിയും വായ്പയായി നല്‍കിയിട്ടുണ്ട്. പട്ടിക വര്‍ഗക്കാര്‍ക്കായി 661 കോടിയും ഇക്കാലയളവില്‍ നല്‍കിയതായി സമിതി വിലയിരുത്തി.

മഹേന്ദ്രപുരി ഹോട്ടലില്‍ ചേര്‍ന്ന അവലോകന യോഗം പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യവസായ മേഖലയില്‍ കൂടുതല്‍ സഹായം നല്‍കണമെന്നും തിരിച്ചെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ ബാങ്കുകള്‍ കൂടുതല്‍ താത്പര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. പ്രളയ ബാധിതരെ സഹായിക്കുന്നതിനുള്ള ഉജ്ജീവന വായ്പ കൂടുതല്‍ പേര്‍ക്ക് നല്‍കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക് ഓഫീസര്‍ പിജി ഹരിദാസ്, ലീഡ് ബാങ്ക് മാനേജര്‍ ടിപി കുഞ്ഞിരാമന്‍, കാനറാ ബാങ്ക് എജിഎം എം ജലീല്‍, നബാര്‍ഡ് ഡിഡിഎം ജെയിംസ് പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

 

date