Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കി സര്‍ക്കാര്‍; സ്പീക്കര്‍ നാളെ (ജൂണ്‍ രണ്ട്) ഉദ്ഘാടനം ചെയ്യും

മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കടല്‍ഭിത്തി നിര്‍മാണം വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. പുനര്‍നിര്‍മ്മിച്ച പാലപ്പെട്ടി അജ്മീര്‍ നഗറിലെ കടല്‍ഭിത്തിയുടെയും അജ്മീര്‍ നഗര്‍ റോഡിന്റെയും ഉദ്ഘാടനം നാളെ (ജൂണ്‍ രണ്ട്) വൈകീട്ട് നാലിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.    രണ്ടു കോടി രൂപ ചെലവഴിച്ച് 350 മീറ്റര്‍ ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. കടലാക്രമണ ഭീതി ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രദേശമാണ് അജ്മീര്‍ നഗര്‍. ഓഖിയിലും തുടര്‍ന്നുണ്ടായ കടലാക്രമണത്തിലും കടല്‍ഭിത്തി പൂര്‍ണ്ണമായി തകരുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സ്പീക്കര്‍ സ്ഥലം സന്ദര്‍ശിക്കുകയും എത്രയും വേഗം സംസ്ഥാന ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്  തീരവാസികള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
പ്രദേശത്ത് 70 ലക്ഷം രൂപ ചിലവഴിച്ച് 1300 മീറ്റര്‍  ദൂരത്തില്‍ റോഡിന്റെ റീ ടാറിങും  135 മീറ്റര്‍ ദൂരത്തില്‍ പുതിയ കോണ്‍ക്രീറ്റ് റോഡും നിര്‍മ്മിച്ചിട്ടിട്ടുണ്ട്.
കടലാക്രമണ ഭീഷണി നേരിടുന്ന ലൈറ്റ് ഹൗസ് സമീപത്ത് 75 ലക്ഷം രൂപ ചെലവില്‍ 120 മീറ്റര്‍ കടല്‍ഭിത്തിയുടെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ലൈറ്റ് ഹൗസ് ഹാര്‍ബര്‍ റോഡിലെ തകര്‍ന്ന കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിനായി 60 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.  

date