Skip to main content

പ്രളയസെസില്‍ നിന്നും പത്തനംതിട്ടയെ ഒഴിവാക്കണം - ജില്ലാ വികസന സമിതി

 

കഴിഞ്ഞ മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയെ പ്രളയ സെസില്‍ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രളയത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാര തുക ലഭിക്കാന്‍ നേരത്തേ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കണം. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ചെറുകിട വ്യാപാരികള്‍ക്ക് സഹകരണ ബാങ്കുകള്‍ മുഖേന പലിശരഹിത വായ്പ നല്‍കണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. 

സീതത്തോട്, ചിറ്റാര്‍ മേഖലകളില്‍ പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രളയത്തില്‍ തോട്ടപ്പുഴശേരി കനാലിന്റെ നാല് തൂണുകളും അഞ്ച് സ്പാനുകളും നഷ്ടപ്പെട്ടത് പുനര്‍നിര്‍മിക്കുന്നതിന് യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിന്റെ പുരോഗതി യോഗം അവലോകനം ചെയ്തു. സംസ്ഥാന പദ്ധതികളില്‍ 14.2 ശതമാനവും 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 5.86 ശതമാനവും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 6.09 ശതമാനവും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചെലവഴിക്കാനായതായി യോഗം വിലയിരുത്തി. 

എംഎല്‍എ ഫണ്ട് വിനിയോഗത്തില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും ഇതു സംബന്ധിച്ച അവലോകനത്തിന് കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും മാത്യു ടി.തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. തീപ്പനി, ചാത്തമല പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോലറയാറ്റില്‍ നിന്നും നീക്കം ചെയ്ത മണ്ണ് അടുത്ത മഴക്കാലത്ത് വീണ്ടും ആറ്റിലെത്താതിരിക്കുന്നതിനായി പഞ്ചായത്ത് വക സ്ഥലത്തേക്ക് മാറ്റിയിടണമെന്നും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. 30000 ടണ്‍ മണലാണ്  ഇവിടെയുള്ളത്. തിരുവല്ല-മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിന്റെ സ്ഥലമെറ്റെടുക്കല്‍ നടപടി വൈകുന്നതിലുള്ള ആശങ്ക റിക്കിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കരികുളം, നാല്‍പ്പത്തിയാറ് പ്രദേശങ്ങളില്‍ പട്ടയവിതരണ നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്ന് രാജുഎബ്രഹാം എംഎല്‍എ അറിയിച്ചു. മറ്റ് പ്രദേശങ്ങളില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡിപ് നിര്‍മിച്ചതായി കാണുന്നുണ്ട്. ഇവ അപകട സാധ്യതയുണ്ടാക്കുന്നു. മഴവെള്ളം ഒഴുകിപോകുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടായ സമയത്താണ് ആദ്യം നഷ്ടപരിഹാരം വിലയിരുത്തിയത്. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പലവീടുകള്‍ക്കും കൂടുതല്‍ നഷ്ടമുള്ളതായി കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് പുനപരിശോധന ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

മഴക്കാലത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിന് ഡിഎംഒ പ്രതേ്യകം ശ്രദ്ധിക്കണം. പ്രളയത്തില്‍ തകര്‍ന്ന പിഐപി കനാലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസത്തില്‍ നിന്നും 10 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിഐപി അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. ബജറ്റില്‍ നാല് കോടി രൂപ ഇതിന് അനുവദിച്ചിട്ടുണ്ട്. സ്റ്റീല്‍ സ്ട്രക്ചര്‍  ഉപയോഗിക്കേണ്ടതില്ലെന്നും നോര്‍മല്‍ സ്ട്രക്ചറില്‍ മതിയെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നുവെന്ന് വീണാജോര്‍ജ് എംഎല്‍എ ചൂണ്ടിക്കാട്ടി. 

ജില്ലയില്‍ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡിഎംഒ യോഗത്തെ അറിയിച്ചു. കോട്പ നിയമപ്രകാരം 273 കേസുകളില്‍ നിന്നായി 54600 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കണ്ടുപിടിക്കാന്‍ 925 പരിശോധനകള്‍ നടത്തി. 438 കേസുകളിലായി 87600 രൂപ പിഴയീടാക്കിയിട്ടുള്ളതായും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു. പുകയില സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാ വകുപ്പുകളും യഥാസമയം നല്‍കുന്നില്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍ പറഞ്ഞു. വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഡേറ്റകള്‍ പല വകുപ്പുകളും സമര്‍പ്പിച്ചിട്ടില്ല. ഈയാഴ്ച തന്നെ ഈ വിവരങ്ങള്‍ എല്ലാ വകുപ്പുകളും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ വികസന സമിതിയോഗത്തില്‍ വകുപ്പുകള്‍ നല്‍കുന്ന മറുപടികള്‍ കുറച്ചുകൂടി വ്യക്തമാകണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സബ്കളക്ടര്‍ വി.ജയമോഹന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ.ജയവര്‍മ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, വിവിധ വകുപ്പ് അധ്യക്ഷന്മാര്‍, ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലാ വികസന സമിതിയുടെ അടുത്ത യോഗം ഈ മാസം അവസാനം നടക്കും. 

                 (പിഎന്‍പി 1275/19)

date