Skip to main content

തദ്ദേശസ്വയംഭരണത്തില്‍ കേരളം രാജ്യത്തിനു മാതൃക: മന്ത്രി എ.സി മൊയ്തീന്‍

 

    തദ്ദേശസ്വയംഭരണത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നും ബജറ്റ് വിഹിതത്തില്‍ പ്രതിവര്‍ഷം 7500 കോടി രൂപ വിജയകരമായി ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. ഉന്നതവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി അസാപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രാദേശിക സാങ്കേതിക വൈദഗ്ദ്യം തദ്ദേശ ശാക്തീകരണത്തിന്' ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അസാപ്പുമായി കൈകോര്‍ത്ത് എഞ്ചിനീയറിംഗ്, പോളിടെക്ക്‌നിക്ക്, ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനും അപ്രന്റിസ്ഷിപ്പിനും അവസരം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

    എന്‍ജിനീയറിംഗ്, പോളിടെക്ക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ സേവനം പ്രാദേശിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൂടി ഉപയോഗപ്പെടുത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.റ്റി. ജലീല്‍ പറഞ്ഞു. ബിരുദതലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍, ഇന്റേണണ്‍ഷിപ്പ് എന്നിവയ്ക്കായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്തി വ്യക്തമാക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി റ്റി.കെ ജോസ്, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. രാജശ്രീ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉന്നതവിദ്യാഭ്യാസ വകുപ്പിലെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 603/2019)

 

date