Skip to main content

പച്ചത്തുരുത്ത് ക്യാമ്പയിന് 5 ന് തുടക്കമാകും

ഹരിത കേരളം മിഷന്റെ നേത്യത്വത്തില്‍  നടപ്പിലാക്കുന്ന പച്ചത്തുരുത്ത് ക്യാമ്പയിന് ജൂണ്‍ 5 ന് തുടക്കമാകും. ക്യാമ്പയിനിന്റെ ആലോചനായോഗം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്നു. ഇപ്പോള്‍ ചെറിയ സമയം മാറ്റിവെച്ചാല്‍ അത് നമ്മുടെ നാട്ടിലെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയില്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാമെന്നും കെ.ബി നസീമ അഭിപ്രായപ്പെട്ടു.തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെയോ സന്നദ്ധ സംഘടനകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വകുപ്പുകളുടെയോ വ്യക്തികളുടെയോ നേത്യത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വ്യക്ഷങ്ങളും മറ്റു സസ്യങ്ങളും ഉള്‍പ്പെടുത്തി വനത്തിന്റെ സവിശേഷതകള്‍ രൂപപ്പെടുത്തുകയും അതിന്റെ തുടര്‍ സംരക്ഷണവുമാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരു ചതുരശ്ര മീറ്ററില്‍ നാല് തൈകള്‍ വീതമാണ് നടുക. ആവശ്യമായ വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയുടേയും തൊഴിലുറപ്പ് പദ്ധതിയുടെയും നഴ്‌സറികളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെയും  സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചത്തുരുത്ത് പദ്ധതി ആക്ഷന്‍ പ്ലാന്‍ വെക്കണമെന്നും ബഡ്ഡിംഗ് മുതല്‍ പരിപാലനം വരെയുള്ള സാങ്കേതിക കാര്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്നും തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍  പി.ജി വിജയ കുമാര്‍ അഭിപ്രായപ്പെട്ടു.

         പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ഇനത്തിലുള്ള 4 ലക്ഷം വ്യക്ഷത്തൈകളാണ്  സോഷ്യല്‍ ഫോറസ്ട്രിയുടെ ബത്തേരി, കല്‍പ്പറ്റ,മാനന്തവാടി നഴ്‌സറികളിലായി ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷം തൈകള്‍ സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കി കഴിഞ്ഞു. തൈ വിതരണം ചെയ്യന്നതിനോടപ്പം അതിന്റെ മോണിട്ടറിംഗ് സംവിധാനം കൂടി സോഷ്യല്‍ ഫോറസ്ട്രി  ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി അനുരേഷ് അിറിയിച്ചു. ആവശ്യപ്പെടുന്ന പ്രകാരം സീസണ്‍ പ്ലാന്റുകളും ഉല്‍പ്പാദിപ്പിച്ച് നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.          പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാന്‍ ഇനിയും സ്ഥലം കണ്ടെത്തി ലിസ്റ്റ് നല്‍കാത്ത എല്ലാ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളും ജൂണ്‍ 4 നകം വിശദാംശങ്ങള്‍ അറിയിക്കണമെന്ന് പഞ്ചായത്ത് ഡപ്യുട്ടി ഡയറക്ടര്‍ ടിംപിള്‍ മാഗി നിര്‍ദ്ദേശിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ വിഷയാവതരണം നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനതല അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, പരിസ്ഥിതി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷന്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date