Skip to main content

നിപ്പ ജാഗ്രത: എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ

നിപ്പ ജാഗ്രത: എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ

 

നിപ്പ ജാഗ്രതയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു. മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി കളമശേരി മെഡിക്കല്‍ കോളേജില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ രോഗം സംശയിക്കുന്ന രോഗിയുടെ അന്തിമ ലാബ് പരിശോധന ഫലം പുന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാലേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ.  എങ്കിലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. രോഗ ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള എല്ലാ നടപടികളും പുര്‍തിയായതായി മന്ത്രി പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കമുണ്ടായ 86 പേരെ കണ്ടെത്തികഴിഞ്ഞു. അവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ ആണ്. ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ യോഗം രാവിലെ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.  തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തി  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നാല്‍ കിടത്തി ചികില്‍സയ്ക്കായി കളമശേരി മെഡിക്കല്‍ കോളെജില്‍ പ്രത്യേകം വാര്‍ഡ് തയ്യാറാക്കിക്കഴിഞ്ഞു. എറണാകുളത്തെ സമീപ ജില്ലകളിലെ മെഡിക്കല്‍ കോളെജുകളിലും ഇത്തരം വാര്‍ഡുകള്‍ ആവശ്യമെങ്കില്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

വല്ലാതെ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോഴിക്കോട് കഴിഞ്ഞവര്‍ഷത്തെ നിപ ബാധയെത്തുടര്‍ന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് നിരവധി മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അനാവശ്യ ഭീതി പരത്തുന്നവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെുടുക്കും. കഴിഞ്ഞ നിപ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ 25 പേര്‍ക്കെതിരെ കേസ് എടുത്ത കാര്യവും അതില്‍ 10 പേരെ അറസ്റ്റ് ചെയ്ത കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. 

 

 

രോഗം സംശയിക്കുന്ന ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 86 വരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ആരോഗ്യവകുപ്പിനെ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ചികിത്സയ്ക്ക് വിധേയമാക്കും. നിപ ചികിത്സയ്ക്ക് വേണ്ട പരിശീലനം കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. എങ്കിലും കണ്ടെത്തിയാല്‍ ചികിത്സ നല്‍കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജീവനക്കാരെയും ആവശ്യമെങ്കില്‍ വിനിയോഗിക്കും. നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു കഴിഞ്ഞു. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന്  1056 എന്ന നമ്പറിലും  വിവരങ്ങള്‍ ലഭിക്കും.

date