Skip to main content

കിഫ്ബി: 1423 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

*കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 289.54 കോടി രൂപ
*മൊത്തം അംഗീകരിച്ചത് 43730 കോടി രൂപയുടെ പദ്ധതികൾ

കുടിവെള്ള പദ്ധതികൾ, ആശുപത്രി വികസനം, റോഡുകൾ, റെയിൽവേ ഓവർബ്രിഡ്ജ്, സ്‌റ്റേഡിയം നിർമാണം എന്നിവയ്ക്കായി  1423 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും കിഫ് ബോർഡ് യോഗവും അംഗീകാരം നൽകിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ മാസ്‌കറ്റ് ഹോട്ടലിലാണ് യോഗം നടന്നത്. 
ഇതുവരെ വിവിധ വകുപ്പുകളിൽ 29455.71 കോടി രൂപയുടെ  552 പദ്ധതികൾക്ക് അംഗീകാരം നൽകി. വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275.17 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. മൊത്തം 43730.88 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിട്ടുള്ളത്. 
816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് ഇന്നലെ നടന്ന യോഗം അംഗീകാരം നൽകിയത്. കുട്ടനാട് കുടിവെള്ള പദ്ധതിയാക്കി 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാർ ബദൽ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂർ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികൾ അംഗീകരിച്ചു. വിവിധ സ്‌റ്റേഡിയങ്ങൾക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. മൂവാറ്റുപുഴയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്‌റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ. പി. തോമസ് ഇൻഡോർ സ്‌റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്‌റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി. ജി. വി. എച്ച്. എസ് ഇൻഡോർ സ്‌റ്റേഡിയം എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജുകൾ നിർമിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. പ്രളയ സെസിന് ജി. എസ്. ടി കൗൺസിലിന്റെ അംഗീകാരം പ്രതീക്ഷിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഉപഭോക്താവിന് മുകളിൽ അധിക ബാധ്യതയുണ്ടാകാതെ പ്രളയ സെസ് ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സെസിൽ നിന്നുള്ള പണം പൂർണമായി ഗ്രാമീണ റോഡിന് വിനിയോഗിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറായതായി മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 1625/19 

date