Skip to main content

മാലിന്യത്തോട് പടപൊരുതുന്ന ജനകീയ പ്രതിരോധശൃംഖല അനിവാര്യം - ബാബു പറശ്ശേരി

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കാനായി ജനകീയ പ്രതിരോധ ത്തിന്റെ ശൃംഖല ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. വടകര നഗരസഭയില്‍ നടക്കുന്ന മുഴുവന്‍ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ നല്‍കുന്ന റെന്റ് ഷോപ്പ് ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹരിത കേരള മിഷനും ശുചിത്വമിഷനുമൊക്കെ ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാലിന്യ സംസ്‌ക്കരണ രംഗത്ത് ചരിത്രം സൃഷ്ടിക്കാന്‍ കഴിയും .മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉണ്ടാക്കുമ്പോള്‍ നാട്ടുകാരുടെ ഇടയില്‍ നിന്നു തന്നെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രവണതയുണ്ട്. ഇത് മാറണം. നമ്മുടെയെല്ലാം ആരോഗ്യ സംരക്ഷണത്തിന് കൂടിയാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രഖ്യാപനങ്ങള്‍ മാത്രമല്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഡിസ്പോസല്‍ സംസ്‌ക്കാരവും മാറേണ്ടതുണ്ട്. . മാലിന്യത്തിനെതിരായി പോരാടുന്ന അംബാസിഡര്‍മാരായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. വടകര സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡ് തുക കൊണ്ട് വാങ്ങിയ പാത്രങ്ങള്‍ കൈമാറല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ പി ബിന്ദു നിര്‍വഹിച്ചു. പരിസ്ഥിതി സൗഹൃദ സഞ്ചികളുടെ വിപണന ഉദ്ഘാടനം ആരോഗ്യകാര്യ ചെയര്‍മാന്‍ പി അശോകന്‍ നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി കെ യു. ബിനി, വികസന കാര്യ ചെയര്‍മാന്‍ ഇ അരവിന്ദാക്ഷന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശന്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ പി.സഫിയ തുടങ്ങിയവര്‍ പങ്കെടുത്തു

date