Skip to main content

നിപ -----ഭയപ്പെടേണ്ടതില്ല, മുന്‍കരുതലാണ് ആവശ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

 

നിപ രോഗത്തിനെ കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.  നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനാല്‍ രോഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

 ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  പ്രധാന ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും പ്രത്യേകം വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്കു വേണ്ട വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ട്.  രോഗികളെ പരിചരിക്കുന്നവരും, കൂട്ടിരിപ്പുകാരും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ സംശയാസ്പദമായ ഇത്തരം കേസുകള്‍ വന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ 0495-2376063 കൂടാതെ ദിശ നമ്പര്‍ 1056, 1077 എന്നിവയിലും വിളിക്കാവുന്നതാണ്.

 

നിപ  ഒരു വൈറസ് രോഗമാണ്.  വവ്വാലുകളിലാണ് ഈ വൈറസ് കാണപ്പെടുന്നത്.  മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നതാണ്.  വവ്വാല്‍ ഭക്ഷിച്ച പഴങ്ങളില്‍ നിന്നും അതിന്റെ കാഷ്ഠങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് ഈ വൈറസ് എത്തിയേക്കാം.  

 

വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 16 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.  പനി, തലവേദന, ഛര്‍ദ്ദി,  മയക്കം, ശരീരവേദന, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, അബോധാവസ്ഥ,  സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗിയുടെ സ്രവങ്ങളിലൂടെയാണ്  രോഗം പകരുന്നത്.

 

വൈറസ് ബാധ ഉണ്ടായാല്‍ ശ്വാസ കോശ സംബന്ധമായ അസുഖങ്ങളോ, തലച്ചോറിനെ ബാധിക്കുന്ന  അസുഖങ്ങളോ വരാം.  ഉമിനീര്‍, തൊണ്ടയിലെ സ്രവം, മൂത്രം,  രക്തം,  സുഷുമ്‌ന നാഡിയിലെ സ്രവം എന്നിവ പരിശോധനക്കെടുക്കുന്നു.  പി.സി.ആര്‍ (പോളിമറൈസ്ഡ് ചെയിന്‍ റിയാക്ഷന്‍) പരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്.  മതിയായ വ്യക്തിഗത സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ രോഗിയുമായി അടുത്തിടപ്പെടുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.

 

താഴെ പറയുന്ന മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.

* വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ ഇവയുമായി സമ്പര്‍ക്കപ്പെടാതിരിക്കുക

* വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കാതിരിക്കുക

* തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കാതിരിക്കുക

* രോഗിയുമായി സമ്പര്‍ക്കം ഉണ്ടായാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി  കഴുകുക

* രോഗ ലക്ഷണമുള്ള ആളുകളോട് ഇടപഴകുമ്പോള്‍ കയ്യുറകളും മാസ്‌കും ധരിക്കുക

* രോഗികളുമായി കുറഞ്ഞത് 1 മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക

* രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക. 

 

date