Skip to main content

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സമഗ്ര വികസനം വരും;  കിഫ്ബിയില്‍ നിന്ന് 38.25 കോടി രൂപ അനുവദിച്ചു

 

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് 38.25 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് മാത്യു ടി.തോമസ് എംഎല്‍എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്‌ളോറും ഉള്‍പ്പെടെ ആറു നിലകളിലായി 7781 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള ബഹുനില കെട്ടിടമാണ് നിര്‍മിക്കുക.  ബേസ്‌മെന്റിലെ പാര്‍ക്കിംഗ് കൂടാതെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പ്രത്യേകമായി സജ്ജീകരിക്കും. ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റിയും അനുബന്ധ സജ്ജീകരണങ്ങളും, മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററും,  131 കിടക്കകളും അധികമായി ഉണ്ടാകും.

 ഒ.പിയും, ഡോക്ടര്‍മാരുടെ പരിശോധനാമുറികളും, ഡയാലിസിസ് യൂണിറ്റുമാണ് ഒന്നാം നിലയില്‍ സജ്ജീകരിക്കുക. മറ്റ് നിലകളിലായി വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, മെഡിക്കല്‍ ഐ സി യു, സര്‍ജ്ജിക്കല്‍ ഐ സി യു,ലേബര്‍ റൂം, ബ്ലഡ് ബാങ്ക്, ലാബുകള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമ സ്ഥലം തുടങ്ങിയവ ക്രമീകരിക്കും.   നാല് എലിവേറ്ററുകള്‍, അഗ്നിസുരക്ഷ സംവിധാനങ്ങള്‍, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ചുറ്റുമതില്‍, പുതിയറോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍, സോളാര്‍ പാനലുകള്‍, ഇന്‍സിനറേറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, ഐ പിബ്ലോക്കില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരണങ്ങള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണീച്ചറുകളും സ്ഥാപിക്കുന്നതിന് മാത്രമായി ഒന്‍പതു കോടി രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  എസ് പി വി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍)  ആയി നിശ്ചയിക്കപ്പെട്ട കെ.എസ്.ഇ.ബി.യുടെ കണ്‍സ്ട്രക്ഷന്‍ വിംഗാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലത്ത് മണ്ണ് പരിശോധന നടത്തി കിഫ്ബിയുടെ അംഗീകാരത്തിനായി പദ്ധതി  അപ്‌ലോഡ് ചെയ്യുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ കെഎസ്ഇബി അടുത്തമാസം ആരംഭിക്കും. ബോര്‍ഡിന്റെ അംഗീകാരം ലഭ്യമായാല്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങും.

                                    (പിഎന്‍പി 1297/19)

date