Skip to main content

ഇടമണ്‍- കൊച്ചി 400 കെവി പവര്‍ ഹൈവേ ലൈന്‍:  ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

 

ഇടമണ്‍- കൊച്ചി 400 കെവി പവര്‍ ഹൈവേ പദ്ധതിയുടെ ഭാഗമായി ജില്ലയിലൂടെ കടന്നുപോകുന്ന ലൈനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഭൂമി നഷ്ടപരിഹാര ഇനത്തില്‍ ഇതുവരെ 6,42,74,503 രൂപയും വൃക്ഷവിളകളുടെ നഷ്ടപരിഹാര ഇനത്തില്‍ ഇതുവരെ 19,83,91,634 രൂപയും നല്‍കി. നിരവധി പരാതികള്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച്  ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്  ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണ്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഏകദേശം 800 മുതല്‍ 1000 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും. കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതുമായ വൈദ്യുതി സുഗമമായി കേരളത്തിലേക്ക് എത്തിക്കുന്നതിനുളള പ്രസരണ ശൃംഖലയുടെ ഭാഗമാണ് കൂടംകുളം-ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ പദ്ധതി. കൂടംകുളം- ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ പാതയ്ക്ക് വിശദമായ സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ നടത്തിയതിനു ശേഷമാണ് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി അനുമതി നല്‍കിയത്.

 ഇടമണ്‍ കൊച്ചി 400 കെ വി പ്രസരണ ലൈനിന്റെ നിര്‍മാണം ജില്ലയില്‍ 2008ല്‍ ആണ് ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ 2011 ല്‍ പണി പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. തടസങ്ങള്‍ തീര്‍ത്ത് 2017 മാര്‍ച്ചില്‍  പണികള്‍ പുനരാരംഭിച്ചു. 2019 മാര്‍ച്ച് 28ന് ജില്ലയിലെ 140 ടവറുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് സ്ട്രിംഗിംഗ് പൂര്‍ത്തിയാക്കി ലൈന്‍ ചാര്‍ജ് ചെയ്യാന്‍ സജ്ജമാക്കി.

ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ നാശനഷ്ടം വിലയിരുത്തി റവന്യു വകുപ്പ് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. പത്തനംതിട്ട എല്‍എ പവര്‍ഗ്രിഡ് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തില്‍ നിന്നും നഷ്ടപരിഹാരം നല്‍കി വരുന്ന ജോലികളും പൂര്‍ത്തീകരിച്ചു വരുന്നു. 140 ടവറുകളുമായി ബന്ധപ്പെട്ട് 253 കൈവശക്കാരാണുള്ളത്. ഇതില്‍ 180 പേര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കി. ബാക്കിയുള്ളവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. 

കോറിഡോര്‍ കോമ്പന്‍സേഷന്‍ (ഒരു ടവര്‍ മുതല്‍ അടുത്ത ടവര്‍ വരെ ലൈന്‍ കടന്നു പോകുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരം) നല്‍കുന്നതിനുള്ള സര്‍വെ നടപടികളും പൂര്‍ത്തികരിച്ചു വരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ കോട്ടാങ്ങല്‍ വില്ലേജില്‍ 2238 മീറ്ററും, കോന്നി താഴം വില്ലേജില്‍ 3062 മീറ്ററും, മലയാലപ്പുഴ വില്ലേജില്‍ 818 മീറ്ററും സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.                          (പിഎന്‍പി 1302/19)

date