Skip to main content

ഭൂമിക്ക് തണലൊരുക്കാന്‍ പിലിക്കോട് പഞ്ചായത്തിന്റെ  6300 വൃക്ഷ തൈകളും

ഭൂമിക്ക് പച്ചപ്പിന്റെ തണലൊരുക്കാന്‍ ഈ പരിസ്ഥിതി  ദിനത്തില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് (05) പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 6300 വൃക്ഷതൈകള്‍ നടും. കാലിക്കടവ് പരിസരത്ത് രാവിലെ  പത്തിന് വൃക്ഷ തൈകള്‍ നട്ടുകൊണ്ട്  മുന്‍ എം എല്‍ എ: കെ കുഞ്ഞിരാമന്‍  പരിസ്ഥിതിദിനാഘോഷം  ഉദ്ഘാടനം ചെയ്യും. പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈലജ  അധ്യക്ഷത വഹിക്കും.     ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ്  ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ നടക്കുന്നത്. പച്ചതുരുത്ത് വച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം   15  നകം മുഴുവന്‍ വാര്‍ഡുകളിലും  ചുരുങ്ങിയത് മൂന്ന് സെന്റ് സ്ഥലത്തായി  വൃക്ഷ തൈകള്‍ നടും.
    പഞ്ചായത്തില്‍ വികസിപ്പിച്ചെടുത്ത 1000 വൃക്ഷ തൈകള്‍ക്കുപുറമെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം 4400 വൃക്ഷതൈകളും   ജൈവ വൈവിധ്യ ബോര്‍ഡ് 500, എന്‍ ആര്‍ ഇ ജി എ 400 വൃക്ഷതൈകളും  സംഭാവന ചെയ്തിട്ടുണ്ട്.  പഞ്ചായത്തില്‍ നാടന്‍ ഫലവൃക്ഷ ഉദ്യാനം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനത്തിന് കൂടി പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കുകയാണ്.     ഓലാട്ട് ആശുപത്രി, കാലിക്കടവ്, കരക്കക്കാവ് ശ്മശാനം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കുന്നത്. പൈതൃകം നാട്ടു മാവിന്‍ പദ്ധതിയുടെ തുടര്‍ച്ചയായി   ധാരാളം നാട്ടു  മാവിന്‍ തൈകളും നട്ടു പിടിപ്പിക്കും. വിവിധയിനത്തില്‍പ്പെട്ട   പ്ലാവ്,   പേരക്ക, സപ്പോട്ട,  ഉപ്പൂത്തി, വേപ്പ്, ആടലോടകം, പുളി, ചളിര്‍, ഉപ്പില, ചാമ്പയ്ക്ക തുടങ്ങിയുടെ തൈകളാണ് നട്ടു പിടിപ്പിക്കുന്നത്.

date