Skip to main content

ഹരിത നന്മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ പച്ചത്തുരുത്ത് പദ്ധതി;  ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ മന്ത്രി നിര്‍വഹിക്കും

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്തുകള്‍ ഒരുങ്ങുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിന്‍പുറങ്ങളില്‍ പുന:സ്ഥാപിക്കുകയും നഗരങ്ങളില്‍ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയാണു ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതികളായ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. 
ആദ്യഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലെ 20 പഞ്ചായത്തുകളില്‍ തിരഞ്ഞെടുത്ത 55 കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തിലൂടെ വ്യാപകമായി രൂപപ്പെടുന്ന വനങ്ങളിലൂടെ വൃക്ഷങ്ങള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് ദീര്‍ഘകാലം സുക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി മാറും. പച്ചത്തുരുത്ത് രുപപ്പെടുന്ന സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും പക്ഷികളും ഷഠ്പദങ്ങളുമുള്‍പ്പെടെയുള്ള ജീവി വര്‍ഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയായി മാറുന്നതുള്‍പ്പെടെ പാരിസ്ഥിതികമായ അനേകം നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന ഈ ഹരിതാവരണങ്ങള്‍ക്ക് കഴിയും. ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കാവുകളുടെ സംരക്ഷണവും പുനരുജ്ജീവനവും, ജലസംരക്ഷണം എന്നിവയാണു പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. 
പ്രദേശീകമായ തനത് സസ്യങ്ങളും വൃക്ഷങ്ങളും പച്ചത്തുരുത്തിലൂടെ പരിപാലിക്കപ്പെടുക, മതിലുകളില്ലാത്ത ജൈവ വേലിയുണ്ടാക്കിയാകും പച്ചത്തുരുത്തുകള്‍ സംരക്ഷിക്കുക. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ജനപ്രതിനിധികള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, പച്ചത്തുരുത്ത് പദ്ധതി നോഡല്‍ ഏജന്‍സി വിദഗ്ദന്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ലബ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയാവും പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 5) ലോക പരിസ്ഥിതി ദിനത്തില്‍ റവന്യൂ ഭവന വകുപ്പ് മന്ത്രി  ഇ. ചന്ദ്രശേഖരന്‍ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ ജിഎച്ച്എസില്‍ രാവിലെ 11ന് നിര്‍വഹിക്കുമെന്നു ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ അറിയിച്ചു. 

date