Skip to main content

പച്ചത്തുരുത്ത് ; ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 6) 

 

ഹരിതകേരളം മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് ഇതര വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന  സന്ദേശത്തോടെ നടപ്പാക്കാന്‍ ഉദേശിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ  കോഴിക്കോട് ജില്ലാതല ഉദ്ഘാടനം നാളെ (ജൂണ്‍ 6) ഉച്ചക്ക് 3  മണിക്ക്  മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ & പ്ലാന്റ് സയന്‍സില്‍  തൊഴില്‍ & എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. പി.ടി.എ റഹീം എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കടലുണ്ടി, ഒളവണ്ണ തദ്ദേശ ഭരണ അധ്യക്ഷ•ാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ആഗോള താപനത്തിന് മരമാണ് പ്രതിവിധി എന്ന കാഴ്ചപ്പാടിലൂടെ തരിശിട്ടിരിക്കുന്നതും ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്നതും, മറ്റ് അനുയോജ്യമായ പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന വൃക്ഷങ്ങള്‍, ചെറുമരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറുവനങ്ങളാണ്(Miniature Forests)പച്ചത്തുരുത്തുകള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങള്‍, കൂട്ടായ്മകള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 

കേരളത്തിന്റെ ഹരിതാഭ വീണ്ടെടുക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ ചെറുക്കുന്നതിനുമായി പ്രാദേശിക ജൈവ വൈവിധ്യത്തെ അതിന്റെ പൂര്‍ണ്ണതയില്‍  നിലനിര്‍ത്തിക്കൊണ്ട് സാധ്യമായ എല്ലാ ഇടങ്ങളിലും  പച്ചത്തുരുത്തുകള്‍ നിര്‍മിക്കാനാണ് ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നത്.

date