Skip to main content

കുടുംബശ്രീ ഫോട്ടോഗ്രഫി മത്സരം; ഉദുമ സ്വദേശിക്ക് മൂന്നാം സ്ഥാനം

ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുന്നത് മുന്‍നിര്‍ത്തി കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ രണ്ടാംസീസണ്‍ വിജയികളെ തെരഞ്ഞെടുത്തു. 
മാതൃഭൂമി പാലക്കാട് യൂണിറ്റ് ഫോട്ടോഗ്രാഫര്‍ പി പി രതീഷിനാണ് ഒന്നാംസ്ഥാനം. പ്രായാധിക്യം വകവെയ്ക്കാതെ തൊഴിലിലേര്‍പ്പെട്ട് അദ്ധ്വാനത്തിന്റെ മഹത്വം വെളിവാക്കിയ ഫോട്ടോയാണ് രതീഷിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മികച്ച ആശയം പ്രതിഫലിപ്പിക്കുന്നതിനൊപ്പം തന്നെ മനോഹരമായി ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്ത മലപ്പുറം വേങ്ങര സ്വദേശി ഇ. റിയാസ് രണ്ടാംസ്ഥാനവും ഒത്തൊരുമ വെളിപ്പെടുത്തിയ ചിത്രത്തിലൂടെ കാസര്‍കോട്  ഉദുമ ഞെക്ലി സ്വദേശി ദീപ നിവാസിലെ ദീപേഷ് പുതിയ പുരയില്‍ മൂന്നാംസ്ഥാനവും സ്വന്തമാക്കി. ഒന്നാം സ്താനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 10000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.
ഫെബ്രുവരി ആറ് മുതല്‍ മാര്‍ച്ച് 31 വരെ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മംഗളം ദിനപ്പത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ ബി.എസ് പ്രസന്നന്‍, ഏഷ്യാവില്‍ന്യൂസ് പ്രൊഡക്ഷന്‍ ഹെഡ് ഷിജു ബഷീര്‍, സി.ഡിറ്റ് ഫാക്കല്‍റ്റിയും ഫോട്ടോ ജേണലിസ്റ്റുമായ യു.എസ് രാഖി, കുടുംബസ്രീ അക്കൗണ്ട്‌സ് ഓഫീസര്‍ എം.രജനി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. പത്ത് മികച്ച ഫോട്ടോകള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. വിശദവിവരങ്ങള്‍ www.kudumbashree.org എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

 

date