Skip to main content

നിപ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

 

    സംസ്ഥാനത്ത് നിപ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലയിലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരുടേയും ആര്‍.എം.ഒമാരുടേയും യോഗം ചേര്‍ന്നു പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തി.

    ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളുമായെത്തുന്നവര്‍ക്കായി പ്രത്യേക ഒ.പി കൗണ്ടര്‍, പനി ക്ലിനിക്ക്, പനി വാര്‍ഡ് എന്നിവ തുടങ്ങാന്‍ ആരോഗ്യ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. എന്‍സഫലൈറ്റിസ്, ശ്വാസംമുട്ടല്‍, അതികഠിനമായ പനി എന്നിവയുമായി എത്തുന്ന രോഗികളെ നിരീക്ഷിക്കാനും ആവശ്യമായ പരിശോധനകള്‍ ഉറപ്പാക്കാനും സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തലവേദന, പനി, ചുമ, ശ്വാസംമുട്ട്, തലകറക്കം, പരസ്പര ബന്ധമില്ലാതെ സംസാരിക്കല്‍,  വയര്‍വേദന, ഛര്‍ദില്‍ തുടങ്ങിയവയാണ് നിപ രോഗബാധയുടെ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണം കണ്ടാല്‍ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തി ചികിത്സ തേടണം. പനിയും ചുമയുമുള്ളവര്‍ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും നിര്‍ബന്ധമായും മറയ്ക്കണം. മറ്റു രോഗികളുമായോ ആള്‍ക്കാരുമായോ അടുത്തിടപഴകരുത്. രോഗിയുമായി അടുത്തിടപഴകുന്നവരും പരിചരിക്കുന്നവരും മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടവ

Ø    നിപ രോഗത്തിനെതിരേ ഭീതിയല്ല, കരുതലോടുകൂടിയ ജാഗ്രതയാണു വേണ്ടത്.
Ø    വവ്വാലുകളുടെ ഭക്ഷണാവശിഷ്ടങ്ങളും കാഷ്ഠവുമായും സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കണം.
Ø    വവ്വാല്‍ കടിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാമ്പഴം, ഞാവല്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍, വവ്വാല്‍ ഉള്ള പ്രദേശങ്ങളിലെ തെങ്ങിലെ കള്ള് എന്നിവ ഉപയോഗിക്കരുത്.
Ø    പനിബാധയുള്ളവരുമായി അടുത്തിടപഴകുകയോ രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
Ø    ആശുപത്രികൡലെ രോഗീസന്ദര്‍ശനം പരമാവധി കുറയ്ക്കണം
Ø    രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ (1056 - ടോള്‍ ഫ്രീ), 0471 2552056, ജില്ലാ മെഡിക്കല്‍ ഓഫിസിലെ 0471 2466828 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
(പി.ആര്‍.പി. 611/2019)

 

 

date