Skip to main content

ദേശീയപാത കൈയേറ്റം- കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ വരെയുള്ള സര്‍വേ പൂര്‍ത്തിയായി

     ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് കൈയേറ്റ ഭൂമി കണ്ടെത്തുന്നതിനായി കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ ബൈപ്പാസ് വരെ നടത്തിയ  സര്‍വേ നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ സര്‍വേ  സൂപ്രണ്ട് കെ. ദാമോദരന്‍ അറിയിച്ചു. കൈയേറിയ മുഴുവന്‍ ഭൂമിയും   മാര്‍ക്ക് ചെയ്ത് കൈവശം വെച്ചവര്‍ക്ക് പി.ഡബ്ലി.ഡ്യൂ നോട്ടീസ്  നല്‍കി. സര്‍വേയുമായി ബന്ധപ്പെട്ട് കൈയേറ്റം തെളിഞ്ഞ സ്ഥാപന ഉടമകള്‍ -സ്വകാര്യവ്യക്തികള്‍ എന്നിവര്‍ക്കുണ്ടായ എല്ലാ പരാതികളും ജില്ലാ സര്‍വെ സൂപ്രണ്ട് ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യത്തില്‍് പരിശോധന നടത്തുകയും അതിര്‍ത്തികള്‍ പുനനിര്‍ണ്ണയം ചെയ്ത്  സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  
     കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ ബൈപ്പാസ് വരെയുള്ള  ദേശീയപാതയില്‍ കാലപ്പഴക്കമുള്ള നിരവധി കൈയേറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളാണ് കൂടുതല്‍ സ്ഥലം കൈയേറിയിട്ടുള്ളത്. സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് കൂടുതല്‍ പേരും ഭൂമി ഉപയോഗിച്ചത്. കയ്യേറിയ ഭൂമികളില്‍ നോട്ടീസ് കൊടുത്തിട്ടും  കൈയേറ്റം ഒഴിവാക്കത്തവര്‍ക്കെതിരെ പി.ഡബ്‌ള്യൂ.ഡി കര്‍ശന നടപടി സ്വീകരിക്കും.
         രാമാനാട്ടുകര-കൂട്ടിലങ്ങാടി ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ ബൈപ്പാസ് വരെയുള്ള  ദേശീയപാതയില്‍ സര്‍വെ ആരംഭിച്ചത്. 63 കോടി രൂപയുടെ ഫണ്ടാണ് ദേശീയപാത വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 2019 മാര്‍ച്ച് മുതലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്. കിഴക്കേത്തല മുതല്‍ മച്ചിങ്ങല്‍ ബൈപ്പാസ് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിനോടനുബന്ധിച്ചുള്ള സര്‍വേയാണ് പ്രദേശത്ത് നടത്തിയത്. ജില്ല സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ടി.പി ശശികുമാര്‍, എം.കെ രമേശ് തുടങ്ങിയ  സര്‍വേയര്‍മാരാണ് അതിര്‍ത്തി പുനനിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിച്ചത്. രാമാനാട്ടുകര-കൂട്ടിലങ്ങാടി വരെ ബാക്കിയുള്ള ദേശീയപാതകളില്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. ജൂണ്‍ 10 മുതല്‍ പൂക്കോട്ടൂര്‍ ഭാഗങ്ങളില്‍ സര്‍വേ നടപടികള്‍ ആരംഭിക്കും.

 

date