Skip to main content

കൊണ്ടോട്ടി നഗരസഭയില്‍ കുടിവെള്ള പദ്ധതിക്കായി കിഫ്ബി യില്‍ നിന്ന് 108 കോടി രൂപ അനുവദിച്ചു

 

കൊണ്ടോട്ടിയില്‍ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി  108 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അനു മതി നല്‍കി. നഗരസഭയിലുടനീളം വിപുലമായ വിതരണ ശൃംഖല സ്ഥാപിച്ച് എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ഇതുവഴി സാധിക്കും. കൊണ്ടോട്ടി നഗരസഭ പ്രദേശത്ത് ഇതിനുവേണ്ടി 205 കിലോമീറ്റര്‍ വിതരണ ലൈന്‍ സ്ഥാപിക്കും. നിലവില്‍ 41 എം എല്‍ ഡി ശേഷിയുള്ള രായിന്‍കോട്ട് ശുദ്ധീകരണശാല യോട് ചേര്‍ന്ന് 19 എംഎല്‍ഡി ശേഷിയുള്ള ശുദ്ധീകരണശാല കൂടി സ്ഥാപിക്കും. നിലവിലുള്ള മേലെ പറമ്പ്,  ചേപ്പിലികുന്ന്,   ബ്ലോക്ക് ഓഫീസ് ടാങ്കുകള്‍ ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്തും. കൂടാതെ 14 ലക്ഷം ലിറ്റര്‍ ശേഷിയില്‍ കുമ്പള പാറയിലും എട്ട്   ലക്ഷം ലിറ്റര്‍ ശേഷിയില്‍ മേലങ്ങാടിയിലും ആറ് ലക്ഷം ലിറ്റര്‍ ശേഷിയില്‍ ചെമ്മല പറമ്പും  പുതിയ മൂന്ന് ടാങ്കുകള്‍ സ്ഥാപിക്കും.
നഗരസഭ പ്രദേശത്തെ 10 സോണുകള്‍ ആക്കി തിരിച്ചാണ് ( ചേപ്പില കുന്ന്,  ചെമ്മല പറമ്പ്,  കൊണ്ടോട്ടി,  മേലങ്ങാടി കാളോത്ത്,  മുസ്ലിയാരങ്ങാടി,  കുമ്പള പാറ,  മേലെ പറമ്പ്,  മൂച്ചിക്കുണ്ട്, ചെരുപ്പടി) വിതരണം സ്ഥാപിക്കുക. ചീക്കോട് കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 2016 ല്‍ പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്‌തെങ്കിലും വിതരണ ലൈന്‍ സ്ഥാപിക്കാന്‍ ഫണ്ട് ഇല്ലാത്തത് മൂലം ജനങ്ങള്‍ക്ക് വെള്ളം ലഭിച്ചിരുന്നില്ല. ഈ പ്രശ്‌നത്തിനാണ് ഇതുവഴി പരിഹാരമാകുന്നത്. ആളോഹരി 150 ലിറ്റര്‍ വെള്ളം കണക്കാക്കി 95,000 ആളുകള്‍ക്ക് അടുത്ത 30 വര്‍ഷത്തെ ജനസംഖ്യ കണക്കാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത് ഉള്‍ക്കൊള്ളുന്ന വിശദമായ പദ്ധതി രേഖയാണ് കിഫ്ബി അംഗീകരിച്ചത്. പൈപ്പിടുന്നതിന് വേണ്ടി റോഡുകള്‍ വെട്ടി പൊളിക്കുമ്പോള്‍ അത് പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള ഫണ്ട് കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊണ്ടോട്ടി മണ്ഡലത്തില്‍ കൊണ്ടോട്ടി നഗരസഭ ഒഴികെയുള്ള പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിനുള്ള 100 കോടി രൂപയുടെ മറ്റൊരു പദ്ധതി സര്‍ക്കാരിന്റെ  അന്തിമ പരിഗണനയിലാണ്. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

date