Skip to main content

കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിന് സമൃദ്ധി പദ്ധതിയുമായി കുടുംബശ്രീ

  പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് വനിതകളെയും പുതുതലമുറയേയും കൃഷിയില്‍ സജ്ജീവമാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ സമൃദ്ധി എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും  കുറഞ്ഞത് 10 ഏക്കര്‍ തരിശ് ഭൂമിയില്‍ വനിതാ സംഘങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൃഷി നടത്തും. ഇതിനായി ജില്ലാതലത്തിലും  പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപീകരിക്കും. 

തരിശു കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് പഞ്ചായത്ത് തലത്തില്‍ സര്‍വ്വേ നടത്തും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന വനിതകള്‍ക്ക് നൂതന-കാര്‍ഷിക സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കും. സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ബാങ്ക് ലിങ്കേജ് മേളകള്‍ സംഘടിപ്പിക്കും. നാട്ടു ചന്തകളും ഗ്രാമീണ ചന്തകളും മുഖേന കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിപണനത്തിന് സൗകര്യമൊരുക്കും. ഉത്സവ വേളകളില്‍ പ്രത്യേക വിപണന മേളകളും സംഘടിപ്പിക്കും.

ജൈവ കൃഷിക്ക് പ്രധാന്യം നല്‍കുന്ന പദ്ധതിയുടെ നടത്തിപ്പുമായി  ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date