Skip to main content

ജില്ലയിലെ സ്‌കൂളുകളില്‍ മികച്ച സുരക്ഷയൊരുക്കി വിദ്യാഭ്യാസ വകുപ്പ്

 

മികച്ച സുരക്ഷയൊരുക്കിയാണ് ഇത്തവണയും ജില്ലയില്‍ അധ്യയന വര്‍ഷം ആരംഭിച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂള്‍ കെട്ടിടങ്ങളുടെ പെയിന്‍ിംഗ്, ശുചീകരണപ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ജില്ലയിലെ ഓരോ സ്‌കൂളും വിദ്യാര്‍ഥികളെ വരവേറ്റത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ സമീപത്ത് നില്‍ക്കുന്ന അപകടാവസ്ഥയിലുളള എല്ലാ മരങ്ങളും മുറിച്ചു മാറ്റി. കൂടാതെ അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, വൈദ്യുതി കണക്ഷന്‍ എന്നിവയെല്ലാം കെഎസ്ഇബിയുടെ ശ്രദ്ധയില്‍പ്പെടുത്തി പൂര്‍ണമായും സുരക്ഷിതമാക്കി. സ്‌കൂളുകളിലെ ശൗചാലയങ്ങള്‍, മതില്‍കെട്ടുകള്‍ എന്നിവയുടെ ബലം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്നെസ്, ജിപിഎസ് തുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പൊതുവിദ്യാഭ്യാസവകുപ്പും മോട്ടോര്‍വകുപ്പും സംയുക്തമായി ചേര്‍ന്ന് ജില്ലയിലെ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ചു.  

പകര്‍വ്യാധികള്‍, കൊതുകുജന്യ രോഗങ്ങള്‍ എന്നിവ തടയുന്നതിനായി സ്‌കൂള്‍ പരിസരങ്ങളെല്ലാം വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തുകയും, ജില്ലയിലെ സ്‌കൂളില്‍ അഗ്‌നിസുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ശുദ്ധമായും, വൃത്തിയായും ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കുന്നതിനുളള ഒരുക്കങ്ങളും എല്ലാ സ്‌കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ യൂണിഫോം, പാഠപുസ്തക വിതരണം എന്നിവ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും, 1662 സ്മാര്‍ട്ട് ക്ലാസ്റൂമുകളും സജ്ജീകരിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷനാണ് (കൈറ്റ്)  സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സജ്ജീകരിച്ചിരിച്ചത്. ഇതില്‍ 360ല്‍  മൊബൈല്‍ രൂപത്തിലാണ് സംവിധാനമൊരുക്കിയത്. 95 സര്‍ക്കാര്‍ സ്‌കൂളുകളും 173 എയ്ഡഡ്  സ്‌കൂളുകളും ഉള്‍പ്പടെ 268 സ്‌കൂളുകളിലാണ് സംവിധാനമൊരുക്കിയത്. ഇതിനായി കിഫ്ബി സഹായത്തോടെ 13.92 കോടി രൂപയാണ് ചെലവഴിച്ചത്. 2,129 ലാപ്ടോപ്പും, 1458 പ്രൊജക്ടറും, 1487 സ്പീക്കറും  1393 മൗണ്ടിംഗ് കിറ്റുകളും ലഭ്യമാക്കി. ഇതുകൂടാതെ 245 ടെലിവിഷന്‍, 257 ഡിഎസ്എല്‍ആര്‍ ക്യാമറ, 259 ഫുള്‍ എച്ച്ഡി വെബ്ക്യാം എന്നീ ഉപകരണങ്ങളും സ്‌കൂളുകള്‍ക്ക് നല്‍കി. 789 സ്‌കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കി. ജില്ലയില്‍ 104  സ്‌കൂളുകളില്‍ രൂപീകരിച്ച ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബില്‍ നിലവില്‍ 2979 കുട്ടികളാണ് അംഗങ്ങളായിട്ടുളളത്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുളള ജില്ലയിലെ 662 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചതെന്നും, കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ ഭാഗീകമായും, ചിലത് പൂര്‍ണമായും കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. അതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണ സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങിയതെന്നും ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി എ ശാന്തമ്മ പറഞ്ഞു.   

                 (പിഎന്‍പി 1348/19)

date