Skip to main content

സ്‌കൂളുകളിലെ നിയമനാംഗീകാരവും തസ്തിക നിർണയവും ഓൺലൈനാക്കി കൈറ്റിന്റെ 'സമന്വയ' സിസ്റ്റം

* ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ജൂൺ 11) മുഖ്യമന്ത്രി നിർവഹിക്കും
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപകഅധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി 'സമന്വയ' എന്ന വെബ്ബധിഷ്ഠിത സോഫ്റ്റ്‌വെയർ (കൈറ്റ്) തയ്യാറാക്കി.  നിയമനാംഗീകാര പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും കാലതാമസം ഇല്ലാതാക്കാനും ഈ സംവിധാനം കൊണ്ട് സാധിക്കും.
'സമന്വയ'യിൽ വിവിധ തലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും. അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും 'സമന്വയ'യിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും.  
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത 'സമ്പൂർണ' സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് നിലവിൽ 14593 സ്‌കൂളുകളുടേയും നാല്പത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്.  
പാഠപുസ്തകങ്ങളുടെ ഇന്റന്റിംഗ്, വിവിധ കലോത്സവങ്ങളും മേളകളും, സ്‌കോളർഷിപ്പുകൾ തുടങ്ങി രാജ്യത്താദ്യമായി പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര ഇഗവേണൻസ് ഇതുവഴി നടപ്പാവുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു.  
'സമന്വയ' ആപ്ലിക്കേഷന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജൂൺ 11) രാവിലെ 10.30 ന് നിയമസഭാ കോംപ്ലക്‌സിൽ നടത്തും.  പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവരും സംബന്ധിക്കും.
പി.എൻ.എക്സ്.1714/19

date