Skip to main content

മൂന്നിയൂര്‍ പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് തുടക്കം സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്നത് 21.40 കോടിയുടെ പദ്ധതി

മൂന്നിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലനിധി പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് തുടക്കമായി. മണ്ണട്ടംപാറയിലുള്ള ഉപകിണറിന്റെയും അവിടെ നിന്നും ചേളാരിയിലെ ടാങ്കിലേക്കുള്ള ലൈനിന്റെയും പ്രവൃത്തികളാണ് ആരംഭിച്ചത്. 2.89 കോടിയുടെ പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നതെങ്കിലും 21.40 കോടിയുടെ പദ്ധതിയാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. ലോകബാങ്കിന്റെ അനുമതിയും ആവശ്യമായ ഭൂമിയും ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരുന്ന പദ്ധതിയ്ക്കാണ് നടപടികളായിരിക്കുന്നത്.
പദ്ധതിക്കാവശ്യമായ ഭൂമി കുണ്ടംകടവ്, പാറേക്കാവ്, ചേളാരി ഭാഗങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കുണ്ടംകടവില്‍ കിണറിനും പമ്പ് ഹൗസിനുമായി ആവശ്യമായ ഭൂമി പഞ്ചായത്ത് വിട്ട് നല്‍കിയിട്ടുണ്ട്. രണ്ടര സെന്റ് ഭൂമിയാണ് പഞ്ചായത്ത് ഇതിനായി വിട്ടു നല്‍കിയത്. പമ്പ് ഹൗസില്‍ നിന്നും രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പാറേക്കാവില്‍ ശുദ്ധീകരണ പ്ലാന്റും ടാങ്കും സ്ഥാപിക്കുന്നതിന് 15 സെന്റ് ഭൂമിയും പണം നല്‍കി ഏറ്റെടുത്തുകഴിഞ്ഞു. ഏഴ് ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കാണ് ഇവിടെ സ്ഥാപിക്കുക. മറ്റൊരു ടാങ്കിനായി ഇവിടെ നിന്നും എട്ട് കിലോമീറ്റര്‍ അകലത്തില്‍ ചേളാരിയില്‍ അഞ്ച് സെന്റ് സെന്റ് ഭൂമിയും ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ നാലര ലക്ഷം ലിറ്റര്‍ വെള്ളം സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുക. മൂന്ന് ഭാഗങ്ങളിലായി 25 സെന്റ് ഭൂമിയോളമാണ് പദ്ധതിക്കായി പഞ്ചായത്ത് കണ്ടെത്തി നല്‍കിയത്.കിണര്‍, ശുദ്ധീകരണ പ്ലാന്റ്, പ്രധാന പമ്പിംഗ് ലൈന്‍ എന്നിവക്ക് 5.15 കോടിയുടെയും, രണ്ട് സെക്ഷനുകളിലായി 11 കോടിയുടെ രണ്ട് ടെണ്ടറുകളും അവസാനഘട്ടത്തിലാണ്. ഇവയുടെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മൂന്നിയൂര്‍ പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നായി 5471 കുടുംബങ്ങളാണ് ഇതു വരെഗുണഭോക്തൃ വിഹിതം നല്‍കിയിട്ടുള്ളത്. ഇത്രയും കുടുംബങ്ങള്‍ ഒരു പഞ്ചായത്തില്‍ തന്നെ ജലനിധിയില്‍ അംഗമാകുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. 24 കോടി രൂപയാണ് പദ്ധതിക്കായി മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. അതില്‍ പത്ത് ശതമാനം ഗുണഭോക്താക്കളും പതിനഞ്ച് ശതമാനം പഞ്ചായത്തും 75 ശതമാനം ജലനിധിയുമാണ് വഹിക്കുന്നത്. ഒരാള്‍ക്ക് ഒരു ദിവസം 70 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി 171 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ ഒരുക്കും. ചേളാരിയില്‍ സ്ഥാപിക്കുന്ന ടാങ്കില്‍ നിന്നും ഒന്ന് മുതല്‍ ആറ് വരെയും, 22 വാര്‍ഡുകളുള്‍പ്പെടുന്ന ചേളാരി, പടിക്കല്‍, ചെര്‍ണ്ണൂര്‍, വെളിമുക്ക് ഭാഗങ്ങളിലേക്കാണ് വെള്ളം വിതരണം ചെയ്യും. പാറേക്കാവില്‍ നിന്നും ഏഴ്  മുതല്‍ 21, 23 വാര്‍ഡുകളിലെ തലപ്പാറ, മൂന്നിയൂര്‍, പാറക്കടവ്, വെളിമുക്ക് എന്നിവിടങ്ങളിലേക്കുമാണ് വെള്ളമെത്തിക്കുക. ഇവയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. അടുത്ത വേനലിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി സര്‍ക്കാര്‍ തലത്തിലും നടപടികള്‍ പുരോഗമിക്കുകയാണ്.

 

date