Skip to main content

കൈപ്പാട്-പൊക്കാളി സംയോജിത  മത്സ്യ-നെൽകൃഷിക്ക് ധനസഹായം

ജലകൃഷി വികസന ഏജൻസി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂർ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യ-നെൽകൃഷി പദ്ധതി (2015-2019) യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ അഞ്ചു പേരിൽ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകൾക്കോ സ്വയംസഹായസംഘങ്ങൾക്കോ ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറിൽ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉളളവരായിരിക്കണം. പാട്ടവ്യവസ്ഥയിൽ അഞ്ചു വർഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കേണ്ടതാണ്. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബണ്ടുകളിൽ കണ്ടൽതൈകൾ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷഫോമുകൾ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 15 വൈകീട്ട് അഞ്ച് മണിക്കകം എറണാകുളം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ നേരിട്ടോ ഫോൺ മുഖേനയോ ലഭിക്കും. വിലാസം റീജ്യണൽ എക്‌സിക്യൂട്ടീവ് അഡാക്ക്, കനാൽ റോഡ്, പെരുമാനൂർ പി ഒ, കൊച്ചി 15. ഫോൺ : 0484-2665479.
 

date