Skip to main content

ശരണബാല്യം : ഉപന്യാസ മത്സരം നടത്തി

ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ശരണബാല്യം പദ്ധതി പ്രകാരം കുട്ടികൾക്കായി ഉപന്യാസ മത്സരവും തെരുവ് നാടകവും സംഘടിപ്പിച്ചു. തൃശൂർ സിഎംഎസ് സ്‌കൂളിൽ തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ ജി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഉപന്യാസ മത്സരത്തിൽ തൃശൂർ ഹോളി ഫാമിലി സ്‌കൂളിലെ ഐശ്വര്യ കെ വി ഒന്നാം സ്ഥാനവും അതേ സ്‌കൂളിലെ ലിവ്യ എൻ തോമസ് രണ്ടാം സ്ഥാനവും ഒല്ലൂർ സെന്റ് മേരീസ് സ്‌കൂളിലെ അക്ഷയ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. 
സി ആർ ദാസ്, കൃഷ്ണപ്രിയ എന്നിവർ ഉപന്യാസ മത്സരത്തിന്റെ വിധികർത്താക്കളായി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ ജി രാഗപ്രിയ, സിഎംഎസ് സ്‌കൂൾ ഹെഡ്മാസ്റ്റർ സജി സാമുവൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യൽ വർക്കർ അശ്വതി, ഔട്ട് റീച്ച് വർക്കർ അലക്‌സ് എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. തൃശൂർ സെന്റ് മേരീസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗവുമായി ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു. ബാലവേല-ബാലഭിക്ഷാടനം തെരുവ് ബാല്യ വിമുക്ത കേരളത്തിനായി വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശരണബാല്യം. ഈ പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം എന്നിവ തടയുന്നതിനു വേണ്ടി എക്‌സൈസ്, പോലീസ്, ലേബർ, ചൈൽഡ് ലൈൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഉത്സവ സ്ഥലങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഡ്രൈവുകൾ സംഘടിപ്പിച്ച് വരുന്നു. 

date