Skip to main content

അനര്‍ഹ റേഷന്‍ കാര്‍ഡ് : റെയ്ഡ് തുടരും 

 

 

കോഴിക്കോട് താലൂക്കില്‍ പെരുവയല്‍ പഞ്ചായത്തിലെ പരിയങ്ങാട്, കുറ്റിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 14 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  ഇരുനില വീട്, ബഹുനില കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്‍ഡുകളാണ് പിടിച്ചെടുത്തത്.  റെയ്ഡില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സദാശിവന്‍, ഷിജേഷ്. പി ജീവനക്കാരനായ പി. കെ മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു.  പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.   അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന കാര്‍ഡുടമകള്‍  കാര്‍ഡുകള്‍  കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക്    മാറ്റേണ്ടതാണ്.  അല്ലാത്തപക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കി കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും.

   സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍  ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി  ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000 രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ക്ക് മുന്‍ഗണനാ/എ.എ.വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.  റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.   

date