Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. ഐ ടി ഐ യിലെ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എന്‍ഡിടി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐടിഐ/ ഡിപ്ലോമ/ ബി-ടെക്/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 20 ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 8281723705.
പി എന്‍ സി/1956/2019 

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ഫുട്‌ബോള്‍ മത്സരം
എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ’വിമുക്തി' ലഹരി വര്‍ജ്ജന മിഷന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കണ്ണൂര്‍ എക്സൈസ് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. യുവജന ക്ഷേമ ബോര്‍ഡിലും സ്പോര്‍ട്സ് കൗണ്‍സിലിലും രജിസ്റ്റര്‍ ചെയ്ത തീരദേശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫുട്ബോള്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് മത്സരം. ലഹരിക്കെതിരെ കളി ലഹരി' എന്ന സന്ദേശം ഉയര്‍ത്തി ജൂണ്‍ 22, 23 തീയതികളില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ മരക്കാര്‍കണ്ടിയിലെ മിനി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തീരദേശ മേഖലയിലെ ടീമുകള്‍ ജൂണ്‍ 17 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍:  9447178065, 9447020520, 9400069698, 9400069696, 04972706698, 04972749500.
പി എന്‍ സി/1957/2019 

മാനസികാരോഗ്യ ഒ പി പ്രവര്‍ത്തിക്കും
പരിയാരം ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ കായചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട് പ്രത്യേക ഒ പി ഉണ്ടായിരിക്കും.  ഭയം, ഉത്കണ്ഠ,  വിഷാദം തുടങ്ങിയ മാനസികാവസ്ഥകള്‍ക്കുള്ള ചികിത്സാ നിര്‍ദ്ദേശങ്ങളും മരുന്നുകളും ലഭിക്കും.  ഫോണ്‍: 0497 2801788.
പി എന്‍ സി/1958/2019 

കാട വളര്‍ത്തല്‍ പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 18 ന് കാട വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഇന്ന് (ജൂണ്‍ 14) രാവിലെ 10 മണി മുതല്‍ 0497 2763473 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 
പി എന്‍ സി/1959/2019 
 
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലിലെ രജിസ്ട്രേഷന്‍ നമ്പറും സഹിതം ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍. 0467 2241345.
പി എന്‍ സി/1960/2019 

ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിന് അപേക്ഷിക്കാം
ഗവ. ഐടിഐയും ഐഎംസിയും സംയുക്തമായി തോട്ടട ഐടിഐയില്‍ നടത്തിവരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ സിവില്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍. 7025797776, 9207155155.
പി എന്‍ സി/1961/2019 

ഭരണാനുമതി ലഭിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 20 വീതം എയ്ഡഡ് എല്‍ പി, യു പി സ്‌കൂളുകള്‍ക്ക് 18.6 ലക്ഷം രൂപ ചെലവഴിച്ച്  60 ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/1962/2019 

മരം ലേലം
മലപ്പട്ടംപറമ്പ്- കണിയാര്‍വയല്‍- പാവന്നൂര്‍മൊട്ട റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കുന്ന മരങ്ങളുടെ ലേലം ജൂണ്‍ 20 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഇരിക്കൂര്‍ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലും പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം തളിപ്പറമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍. 0460 2208490.
പി എന്‍ സി/1963/2019 

സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു 
മത്സ്യത്തൊഴിലാളികളുടെ 'സാഗര' മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ഫിഷിംഗ് ഹാര്‍ബര്‍/ഫിഷ്‌ലാന്റിംഗ് സെന്ററുകളായ മാപ്പിള ബേ, അഴീക്കല്‍, പുതിയങ്ങാടി, ചാലില്‍ ഗോപാലപേട്ട, തയ്യില്‍ എന്നിവിടങ്ങളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വി എച്ച് എസ് ഇ ഫിഷറീസ്/ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 10 -ാം ക്ലാസ് പഠിച്ചവര്‍ക്ക് മുന്‍ഗണന. പ്രായം 20 നും 40 നും മധ്യേ. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0497 2731081.
പി എന്‍ സി/1964/2019 

ട്രോളിംഗ് നിരോധനം; സൗജന്യറേഷന് അപേക്ഷ ക്ഷണിച്ചു
ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍, ഫിഷിംഗ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍, പീലിംഗ് ഷെഡുകളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ നല്‍കുന്ന സൗജന്യറേഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. ബോട്ടിലെ തൊഴിലാളികള്‍ക്ക് വേണ്ടി ബോട്ടുടമയാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചവര്‍ പുതുതായി അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ, റേഷന്‍ കാര്‍ഡ്, ക്ഷേമനിധി അംഗത്വകാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 20 ന് വൈകിട്ട് നാല്  മണിക്ക് മുമ്പ് മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0497 2731081.
പി എന്‍ സി/1965/2019 

സിദ്ധ മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് സിദ്ധ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ബി എസ് എം എസ്, ടി സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2700911.
പി എന്‍ സി/1966/2019 

വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം എച്ച് എസ്, ശിവപുരം ജംഗ്ഷന്‍, പടുപാറ, അയ്യല്ലൂര്‍, ഇടവേലിക്കല്‍, കെ പി ആര്‍ നഗര്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 14) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തെഴുക്കില്‍ പീടിക, സൗത്ത് റെയില്‍വെ, വോള്‍ക്കര്‍ ഹീറോ, വിജയ സ്‌ക്വയര്‍, കെ പി ടവര്‍, കിഴക്കേകര, ബൈപ്പാസ് റോഡ് ആപേ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 14) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1967/2019 

അഭിമുഖം മാറ്റി
ടൂറിസം വകുപ്പിന് കീഴില്‍ കാസര്‍കോട് ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് ജൂണ്‍ 18,19 തീയതികളില്‍ നടത്താനിരുന്ന അഭിമുഖം വാഹന പണിമുടക്കിനെ തുടര്‍ന്ന് യഥാക്രമം ജൂണ്‍ 19, 20 തീയതികളിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 0467 2236347.
പി എന്‍ സി/1968/2019 

ഫാര്‍മസിസ്റ്റ് നിയമനം
പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം മിഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി ഫാം/ ബി ഫാം യോഗ്യതയുള്ള കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 17 ന് രാവിലെ 10 മണിക്ക് മുമ്പ് ആന്തൂര്‍ മുനിസിപ്പാലിറ്റി ഓഫീസില്‍ ഹാജരാകണം.  
പി എന്‍ സി/1969/2019 

എസ്ആര്‍സി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ (റെയില്‍വേ സ്റ്റേഷന് എതിര്‍വശം) സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2765655, 7994846530, 9447080497. 
പി എന്‍ സി/1970/2019 

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം
ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ (ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി), മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രേറിയന്‍ (മെഡിക്കല്‍ റിക്കാര്‍ഡ് സയന്‍സില്‍ ഡിപ്ലോമ/ മെഡിക്കല്‍ റിക്കാര്‍ഡ് സയന്‍സില്‍ ബിരുദം) എന്നീ തസ്തികളിലേക്ക് ജൂണ്‍ 18 നും ഫാര്‍മസിസ്റ്റ് (ബി ഫാം/ ഡി ഫാം, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ) തസ്തികയിലേക്ക് ജൂണ്‍ 19 നും അഭിമുഖം നടത്തും. യോഗ്യത കോഴ്‌സുകള്‍ക്ക് കേരള പി എസ് സി അംഗീകാരം വേണം. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതികളില്‍ രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. 
പി എന്‍ സി/1971/2019 

വൈദ്യുതീകരണത്തിനായി തുക അനുവദിച്ചു
ചൊക്ലി തുളുവൂര്‍ക്കുന്നില്‍ നിര്‍മ്മാണം നടക്കുന്ന തലശ്ശേരി ഗവ. കോളേജിന്റെ പുതിയ കെട്ടിടത്തില്‍ വൈദ്യുതീകരണം നടത്തുന്നതിനായി 11 ലക്ഷം രൂപ അനുവദിച്ചു. വൈദ്യുതി വകുപ്പ് ഒമ്പത് ലക്ഷം രൂപയും എ എന്‍ ഷംസീര്‍ എം എല്‍ എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപയുമാണ് അനുവദിച്ചത്.
പി എന്‍ സി/1972/2019 

date