Skip to main content

കനത്ത മഴ തുടരുന്നു 

 

 

 

 

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കില്‍ വിവിധ ഇടങ്ങളിലായി പതിനഞ്ച് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. മള്‍ട്ടി ഡിസിപ്ലിനറി സ്‌പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പില്‍ നിലവില്‍ 42 പേരാണ് ഉള്ളത്.  അടിയന്തിര സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. 

 

കൊയിലാണ്ടി താലൂക്കിലെ പന്തലായനി, വിയൂര്‍, കീഴരിയൂര്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. പന്തലായനി, വിയൂര്‍ വില്ലേജുകളെ വേര്‍തിരിക്കുന്ന തോട്ടിലൂടെ കടല്‍വെള്ളം ശക്തമായി അടിച്ചു കയറുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് രേഖ.എം അറിയിച്ചു. താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി, ഈങ്ങാപ്പുഴ, പുത്തൂര്് എന്നവിടങ്ങളിലായി ഒന്‍പത് വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചു. വടകരയിലും താമരശ്ശേരിയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍  അറിയിച്ചു. 

 

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077

 

 

 

 

മഴക്കെടുതി; ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

 

 

കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  

 

 

• പ്രകൃതി ക്ഷോഭത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുവാനും പോസ്റ്റുകള്‍ ചെരിയുവാനും ഒടിയുവാനും ലൈനുകള്‍ താഴ്ന്നുവരുവാനുമുള്ള സാഹചര്യം ഉണ്ട്.  ഇത്തരത്തിലുള്ള അപാകതകള്‍ കണ്ടാല്‍ ഏറ്റവും അടുത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതും അപകട സാദ്ധ്യത ഒഴിവാകുന്നതു വരെ തൊടുകയോ സമീപം പോകുകയോ ചെയ്യുകയുമരുത്.  എന്നാല്‍ ഇതിനകം മറ്റൊരാള്‍ക്ക് അപകടം വരാതെ മുന്നറിയിപ്പുനല്‍കി സ്ഥലം നിരീക്ഷണത്തില്‍ നിലനിറുത്തേണ്ടതുമാണ്.

• ജലനിരപ്പ് ക്രമാതീതമായി ഉയരാവുന്നതും വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതുമായ ജലാശയങ്ങളിലൂടേയും പാടങ്ങളിലൂടേയും മത്സ്യബന്ധത്തിനും മറ്റാവശ്യങ്ങള്‍ക്കും പോകുന്നവര്‍ വൈദ്യുതി ലൈനുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കുന്നതിന് തികഞ്ഞ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തേണ്ടതാണ്.

• വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത്, അനധികൃതമായി കമ്പിവേലികള്‍ സ്ഥാപിച്ച് വൈദ്യുതി പ്രവഹിപ്പിക്കുന്നത്, വൈദ്യുതിയുടെ ദുരുപയോഗം തുടങ്ങിയവ പരിപൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.

• ഇടിമിന്നലുള്ളപ്പോള്‍ കേബിള്‍വഴിയുള്ള ടെലഫോണുകള്‍, കേബിള്‍ ടി.വി. സോക്കറ്റുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്.  ഇവയുടെ വൈദ്യുതി ബന്ധം/ കണക്ഷന്‍ കാലേക്കൂട്ടി വേര്‍പെടുത്തേണ്ടതാണ്.  വൈദ്യുതി ലൈനുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും സമീപം നില്‍ക്കുന്നതും ഒഴിവാക്കേണ്ടതാണ്.

• വള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിന് മുന്‍പ് വൈദ്യുതി പ്രവാഹസാന്നിദ്ധ്യമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.  റോഡിന്റെ വശങ്ങളിലുള്ള വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ്‌ഫോര്‍മര്‍, സ്റ്റേ വയര്‍, എര്‍ത്ത് വയര്‍, പോസ്റ്റുകള്‍, ഫ്യൂസുകള്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.  ഇവയില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള  കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

• വീട്ടില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തുപോകുന്ന കുട്ടികളുടെ സുരക്ഷിതത്വ കാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.  വൈദ്യുതി സുരക്ഷയെപ്പറ്റി അവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കണം. 

• വൈദ്യുതി ലൈനിന് സമീപം വളരുന്നതും അതിലേയ്ക്ക് എത്താവുന്നതുമായ വൃക്ഷലതാദികള്‍ വെട്ടിമാറ്റുന്ന വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണം. 

• സര്‍വ്വീസ് വയറിലും വൈദ്യുതി മീറ്ററിലും കട്ടൗട്ടിലും തകരാര്‍ കണ്ടെത്തിയാല്‍ വൈദ്യുതിബോര്‍ഡിന്റെ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്.

• വീടുകളിലും സ്ഥാപനങ്ങളിലും നിലവില്‍ എര്‍ത്ത് ലീക്കേജ് സംരക്ഷണ സംവിധാനങ്ങള്‍ (ELCB, RCCB, RCBO, ELR) സ്ഥാപിക്കാത്തവര്‍ അവ സ്ഥാപിക്കേണ്ടതാണ്.

•  വൈദ്യുതി ഉപകരണങ്ങളിലും സ്വിച്ച് ബോര്‍ഡുകളിലും വെള്ളം കയറാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

• വൈദ്യുതി വയറിംഗ് നിയമാനുസൃതമായ രീതിയില്‍ പരിപാലിക്കേണ്ടതും ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടുമാത്രം വയറിംഗിലെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കേണ്ടതാണ്.

• വൈദ്യുതി വയറിംഗിലും ഉപകരണങ്ങളിലും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനു മുന്‍പ് വൈദ്യുതിബന്ധം വിച്ഛേദിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

• തകരാറിലായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.  സുരക്ഷിതമല്ലാത്ത രീതിയില്‍ താത്ക്കാലിക വൈദ്യുതകണക്ഷനുകള്‍ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്. 

• വൈദ്യുത കമ്പികളിലേയ്ക്ക് പൊട്ടിവീഴുവാനോ, സ്പര്‍ശിക്കുവാനോ സാധ്യതയുള്ള വിധത്തില്‍ വൃക്ഷങ്ങള്‍ക്ക് ഇരുമ്പ് താങ്ങുകമ്പി കെട്ടരുത്.

• വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ നിര്‍മ്മിതമായ ഏണി, കോണി, കമ്പികള്‍, പൈപ്പുകള്‍, തോട്ടികള്‍ തുടങ്ങിയവ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. 

date