Skip to main content

സൗജന്യ യൂണിഫോം : ജില്ലയിൽ 2.85 ലക്ഷം മീറ്റർ  തുണി വിതരണം ചെയ്തു 

ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്‌കൂളിലെ കുട്ടികൾക്ക് 2,85, 616 ലക്ഷം മീറ്റർ സൗജന്യ കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തതായി ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു. 526 സ്‌കൂളുകളിലെ കുട്ടികൾക്കാണ് സൗജന്യമായി യൂണിഫോം തുണി വിതരണം ചെയ്തത്. ഗവ. സ്‌കൂളുകളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലുള്ളവർക്കും എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിലുള്ളവർക്കുമാണ് സൗജന്യ യൂണിഫോം തുണി നൽകിയത്. ജില്ലകളിലെ 12 ഉപജില്ലകൾ വഴിയാണ് യൂണിഫോം വിതരണം നടത്തിയത്. ജില്ലയിൽ 12 കൈത്തറി സംഘങ്ങൾ 81 തറികളിലായാണ് തുണികൾ നെയ്‌തെടുത്തത്. ജില്ലാ വ്യവസായ വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണ പദ്ധതിയുടെ വിതരണ ചുമതല ഹാൻവീവാണ് നിർവഹിച്ചത്. 
ജില്ലയിലെ കുത്താമ്പുള്ളി, എരവത്തൊടി, തിരുവില്വാമല, കൊണ്ടാഴി, ഗാന്ധി, ചൂണ്ടൽ, തളിക്കുളം, അന്തിക്കാട്, കൊടുങ്ങല്ലൂർ, നടവരമ്പ്, ചേർപ്പ്, പൊയ്യ എന്നിവിടങ്ങളിലെ കൈത്തറി സംഘങ്ങളിലെ 200 ഓളം നെയ്ത്തുകാരാണ് യൂണിഫോം തയ്യാറാക്കിയത്. യൂണിഫോം തുണി നിർമ്മിക്കുന്നതിനുള്ള നൂൽ കേരളത്തിലെ സ്പിന്നിങ് മില്ലുകളിൽ നിന്ന് ശേഖരിച്ച് സൗജന്യമായാണ് കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് നൽകിയത്. ജില്ലയിലെ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർമാർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് തൊഴിലാളികളിൽ നിന്ന് നൂൽ ഏറ്റെടുത്തത്. 2018 ജൂൺ ഒന്നു മുതൽ 2019 മെയ് 31 വരെയാണ് യൂണിഫോം നെയ്തതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ. എസ് കൃപകുമാർ അറിയിച്ചു.

date