Skip to main content

കൊടുങ്ങല്ലൂരിൽ കായച്ചന്ത തുറന്നു

കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്തയിൽ നഗരസഭ നിർമ്മിച്ച കായച്ചന്ത ജനങ്ങൾക്ക് തുറന്നു കൊടുത്തു. ഒരു ദശാബ്ദത്തിലേറെയുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. ചന്തയുടെ കിഴക്കുഭാഗത്ത് ഇറച്ചി, ഉണക്കമീൻ കച്ചവടങ്ങൾ നടന്നിരുന്ന ഭാഗത്താണ് ചന്ത നിർമ്മിച്ചിട്ടുള്ളത്. മേത്തല പഞ്ചായത്ത് ഉണ്ടായിരുന്ന കാലത്ത് വാങ്ങിയ 25 സെന്റ് സ്ഥലവും ഇവിടെ ഉണ്ടായിരുന്ന 30 സെന്റ് സ്ഥലവും ചേർത്ത് 60 സെന്റ് സ്ഥലത്താണ് കായച്ചന്ത. ചന്തയ്ക്ക് ചുറ്റും സംരക്ഷണഭിത്തികൾ കെട്ടി വലിയ വാഹനങ്ങൾക്ക് വരാവുന്ന വിധത്തിൽ മെറ്റലും കരിങ്കൽ പൊടിയും അടിച്ച് ഉറപ്പിച്ചിട്ടുണ്ട്.

കായചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ നിർവ്വഹിച്ചു. ചന്തയോട് ചേർന്ന ടാറിട്ട പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ കച്ചവടം അനുവദിക്കുന്നതല്ലെന്നും പുരാതനമായ കോട്ടപ്പുറം ചന്ത പുനർനിർമ്മിക്കുന്നതിനും ആധുനിക രീതിയിലുള്ള മത്സ്യ മാർക്കറ്റ് ഉൾപ്പെടെ സജ്ജീകരിക്കുന്നതിനും വിശദമായ പദ്ധതി രേഖ സർക്കാരിലേക്ക് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. നഗരസഭ കൗൺസിലർ കെ. എസ്. കൈസാബ് അദ്ധ്യക്ഷത വഹിച്ചു. തങ്കമണി സുബ്രഹ്മണ്യൻ, എം.കെ.സഹീർ, ഷീല രാജ് കമൽ, കെ.പി.ശോഭ, ഗീത ടീച്ചർ, പ്രിൻസി മാർട്ടിൻ, എം.എസ് വിനയകുമാർ, അബ്ദുൾ ഖയ്യൂം, ജോമോൻ എന്നിവർ സംസാരിച്ചു.

date