Skip to main content

സ്‌കൂളുകള്‍ പരിസരത്തെ ഫ്ളക്സ് ബോര്‍ഡുകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം: ജില്ലാ ആസൂത്രണ സമിതി

ജില്ലയിലെ സ്‌കൂളുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഏറ്റവും കൂടുതല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സ്‌കൂളുകളിലും പരിസരങ്ങളിലുമാണ്‌. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു മാറ്റണം, പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇതിനായി സമിതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകളും ജാഗ്രതയോടു കൂടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തില്‍ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. കല്ല്യാശ്ശേരി, പയ്യന്നൂര്‍, കൂത്തുപറമ്പ്  , തളിപറമ്പ്, എടക്കാട്  എന്നീ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലെയും നാറാത്ത്, ന്യൂമാഹി, പെരളശ്ശേരി, ചൊക്ലി, പാട്യം, കരിവെള്ളൂര്‍-പെരളം, കല്യാശ്ശേരി, കണിച്ചാര്‍, പന്ന്യന്നൂര്‍, മൊകേരി, പിണറായി, പാപ്പിനിശ്ശേരി, ഉളിക്കല്‍, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ, രാമന്തളി, മലപ്പട്ടം, എന്നീ 17 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ആന്തൂര്‍, ഇരിട്ടി, തളിപറമ്പ് , പയ്യന്നൂര്‍, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നീ നഗരസഭകള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്കും ആന്തൂര്‍, തളിപറമ്പ് , മട്ടന്നൂര്‍ എന്നീ നഗരസഭകളുടെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ക്കും യോഗം അംഗീകാരം നല്‍കി. 

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, ആസൂത്രണ സമിതി അംഗങ്ങളായ എം സുകുമാരന്‍, പി ഗൗരി, പി ജാനകി, പി കെ ശ്യാമള, കെ വി ഗോവിന്ദന്‍,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date