Skip to main content

ഒരു ഫോണ്‍കോള്‍ മതി; ജീവിതശൈലി രോഗനിര്‍ണയം വീട്ടില്‍ നടത്താം

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് പ്രമേഹവും കൊളസ്ട്രോളും ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങള്‍  പരിശോധിക്കാന്‍ ഇനി ലാബോറട്ടറിയില്‍ പോകേണ്ട. ഫോണ്‍ വിളിച്ചാല്‍ പരിശോധനയ്ക്കായി കുടുംബശ്രീ സാന്ത്വനം വോളണ്ടിയര്‍ വീട്ടിലെത്തും.  

രാവിലെ ആറു മുതലാണ് പരിശോധന. പ്രമേഹം, കൊളസ്ട്രോള്‍, ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ), രക്തസമ്മര്‍ദം തുടങ്ങിയവ പരിശോധിച്ച്  കൃത്യമായ ഫലം ഉടന്‍  അറിയിക്കും. പ്രമേഹം- 35 രൂപ, രക്തസമ്മര്‍ദ്ദം- 20 രൂപ,  കൊളസ്ട്രോള്‍- 80 രൂപ, ബി.എം.ഐ-  20 രൂപ എന്നിങ്ങനയാണ് പരിശോധനകളുടെ നിരക്ക്. മുറിവേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും സൗകര്യമുണ്ട്.
ആശുപത്രിയിലും ലാബോറട്ടറികളിലും പോയി പരിശോധനകള്‍ നടത്താന്‍ കഴിയാത്തവര്‍ക്കും പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്കും കൈത്താങ്ങാവുകയാണ് ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നു നടത്തുന്ന പദ്ധതി. ഭവന സന്ദര്‍ശനത്തിനു ശേഷം  പഞ്ചായത്ത് ഓഫീസ് പരിസരത്തും സാന്ത്വനത്തിന്‍റെ രോഗപരിശോധനാ സംവിധാനം പ്രവര്‍ത്തിക്കും.

 

 പതിവായി രക്തപരിശോധന ആവശ്യമുള്ള വയോജനങ്ങള്‍ക്കും കിടപ്പു രോഗികള്‍ക്കും പദ്ധതി ഏറെ പ്രയോജനകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യുക്കുട്ടി മാത്യു പറഞ്ഞു.

ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (ഹാപ്) എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ സംസ്ഥാനത്തുടനീളം സാന്ത്വനം പദ്ധതി നടപ്പാക്കുന്നത്. സാന്ത്വനം വോളണ്ടിയര്‍ക്ക്  കുടുംബശ്രീ മിഷന്‍റെയും ഹാപ്പിന്‍റെയും നേതൃത്വത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിനു കീഴില്‍ പരിശീലനം നല്‍കിയിരുന്നു. 

പരിശോധനകള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റും യൂണിഫോമും കുടുംബശ്രീയാണ് നല്‍കുന്നത്. ബി.പി അപ്പാരറ്റസ്, കൊളസ്ട്രോള്‍ മീറ്റര്‍, ബോഡി ഫാറ്റ് മോണിട്ടര്‍, ഷുഗര്‍ മീറ്റര്‍, വെയ്റ്റ് മെഷീന്‍ തുടങ്ങിയവയാണ് കിറ്റിലുള്ളത്. ഇതിന്  വോളണ്ടിയറുടെ പേരില്‍ പ്രത്യേക ബാങ്ക് വായ്പ അനുവദിച്ചിട്ടുണ്ട്. സാന്ത്വനം വോളന്‍റിയറുടെ യാത്രാ സൗകര്യത്തിനായി ഇരുചക്ര വാഹനവും വായ്പ സഹായത്തോടെ ലഭ്യമാക്കും.

date