Skip to main content

ബഷീര്‍ മാല പ്രകാശനം ചെയ്തു

വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും കൃതികളും ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നതാണ് എം.എന്‍ കാരശ്ശേരി രചിച്ച ബഷീര്‍ മാലയെന്ന് വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ. കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ട് കൃതിയായ മുഹ് യുദ്ധീന്‍ മാല രചിക്കപ്പെട്ട യമന്‍കെട്ട് എന്ന ഇശലിലാണ് ബഷീര്‍ മാലയും രചിച്ചിരിക്കുന്നത്. ബഷീറിന്റെ വിയോഗത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വൈദ്യര്‍ അക്കാദമി പ്രസിദ്ധീകരിച്ച ബഷീര്‍ മാല പ്രകാശനം ചെയതു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
ഊരകം കീഴ്മുറി ജി.എല്‍.പി സ്‌കൂള്‍ ചിത്രീകരിച്ച ബഷീര്‍ മാല വീഡിയോ പ്രദര്‍ശനവും അരിമ്പ്ര ജി.വി.എച്ച്.എസ്.സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'ഇമ്മിണി ബല്യ ബഷീര്‍' എന്ന ബഷീര്‍ പതിപ്പിന്റെ പ്രകാശനവും ടി.കെ ഹംസ നിര്‍വഹിച്ചു. ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ ഏറ്റുവാങ്ങി.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിയില്‍ നടന്ന വായന പക്ഷാചരണം 12ാം ദിവസ പരിപാടിയിലാണ് ബഷീര്‍ മാല പ്രകാശനം ചെയ്തത്. അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി അബുട്ടി അദ്ധ്യക്ഷത വഹിച്ചു. വെളളയില്‍ അബൂബക്കര്‍ വൈദ്യര്‍ കൃതി ആലപിച്ചു. അരിമ്പ്ര ജി.വി.എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ നാടകവും അരങ്ങേറി. കഥാകൃത്ത് ഹംസ കയനിക്കര ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷെഫീഖ് ബാവ, അമീന്‍ പൊന്നാട് എന്നിവര്‍ ബഷീര്‍ മാല ആലപിച്ചു. ദൃശ്യവല്‍ക്കരിച്ച ബഷീര്‍ മാലയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം നല്‍കി. ടി മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് , പക്കര്‍ പന്നൂര്‍, കെ.എ ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

date