Skip to main content

ഡ്രോപ് ഔട്ട് വിവരശേഖരണം നടത്തും.

ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അക്കാദമിക് മികവ് ഉറപ്പുവരുത്തുന്നതിനും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിനുളള കര്‍മ്മപരിപാടികള്‍ തയ്യാറാക്കാന്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി  ജൂലൈ 15 മുതല്‍ 27 വരെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്‌കൂളിനും അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിജയമാതൃകകള്‍ സൃഷ്ടിച്ച വിദ്യാലങ്ങളുടെ രീതിയും പദ്ധതി തയ്യാറാക്കാന്‍ പരിഗണിക്കും.  കര്‍മ്മപരിപാടികളുടെ നടത്തിപ്പ് മേല്‍നോട്ടത്തിനായി ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ എം.പിമാര്‍,എം.എല്‍.എമാര്‍,മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും. പദ്ധതി വിശദീകരിക്കുന്നതിനായി പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെയുളള മുഴുവന്‍ അധ്യാപകര്‍ക്കും ഏകദിന പരിശീലനം നല്‍കാനും തീരുമാനമായി. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുന്‍കാലങ്ങളില്‍ നടത്തിയ വിവിധ കാമ്പയിനുകള്‍ വിജയകരമാണെന്നും യോഗം വിലയിരുത്തി. ക്ലാസില്‍ വരാത്ത കുട്ടികളുടെ വിവരങ്ങള്‍ ഓരോ ദിവസവും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുളള നടപടികള്‍ സ്വീകരിക്കാനും കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കുന്നത് പരിഗണിക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

 വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കര, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കെ.എം സെബാറ്റിയന്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.എന്‍ ബാബുരാജ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വാണീദാസ്, അധ്യാപക സംഘടന, എന്‍.വൈ.കെ, മഹിളസമഖ്യ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date