Skip to main content

കുട്ടനാടിന്റെ സുസ്ഥിര വികസനം: ഭരണ പരിഷ്‌കാര കമ്മീഷന്റെ സെമിനാർ  നാളെ 

ആലപ്പുഴ: സുസ്ഥിര വികസനം-ഭരണപരമായ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ  നടത്തിവരുന്ന പഠനത്തിന്റെ ഭാഗമായി  നാളെ (ജൂലൈ ആറിന്) രാവിലെ 10 മുതൽ ജില്ലയിലെ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രത്തിൽ കുട്ടനാടിന്റെ സുസ്ഥിര വികസനം-ഭരണപരമായ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നത്തും. കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനാകും. കാർഷിക മേഖലയുമായും പൊതുസമൂഹവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളും സംഘടന പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സമുദ്രനിരപ്പിനേക്കാൾ താഴെ സ്ഥിതി ചെയ്യുന്നതും കൃഷിക്ക് പരമപ്രാധാന്യം നൽകുന്നതും ഒട്ടേറെ പാരിസ്ഥിതിക  പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടേതുമായ കുട്ടനാട് അടുത്തിടെ രണ്ട് പ്രളയങ്ങൾ അതിജീവിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സെമിനാർ കുട്ടനാട്ടിൽ വച്ച് നടത്തുന്നത്.

പ്രളയാനന്തര കുട്ടനാട്ടിലെ ജലപരിപാലനം, വെള്ളപ്പൊക്ക പ്രതിരോധം, തണ്ണീർമുക്കം ബണ്ടിലും തോട്ടപ്പള്ളി സ്പിൽവേയിലും അനുവർത്തിക്കേണ്ട പാരിസ്ഥിതിക ഇടപെടൽ, ജലമലിനീകരണം, ജൈവ വൈവിധ്യ സംരക്ഷണം, ജീവനോപാധി വികസനം, സംയോജിതവും പരിസ്ഥിതി സൗഹൃദവുമായ കൃഷി മാതൃകകൾ, ജലകളകൾ ഉയർത്തുന്ന വെല്ലുവിളികൾ, ഉൾനാടൻ മത്സ്യോത്പ്പാദന മേഖല നേരിടുന്ന പ്രശ്‌നങ്ങളും പ്രതിവിധികൾ, കുട്ടനാടിന് ഏകോപിതമായ പരിസ്ഥിതി ഭരണ സംവിധാനം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം, നീരൊഴുക്ക് മെച്ചപ്പെടുത്തൽ, ഓരുകയറ്റ പ്രതിരോധം, കൃഷി ആസൂത്രണം, കാർഷിക കലണ്ടർ തയ്യാറാക്കൽ, പരിസ്ഥിതി-ടൂറിസം വികസനം തുടങ്ങി കുട്ടനാടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സമഗ്രമായ ചർച്ചയാണ് സെമിനാറിലൂടെ കമ്മീഷൻ ഉദ്ദേശിക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ജില്ല ഭരണകുടത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സെമിനാർ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായാണ് ക്രമീകരിച്ചിട്ടുള്ളത്.

കെ.ടെറ്റ് വേരിഫിക്കേഷൻ: സർട്ടിഫിക്കറ്റ് വിതരണം എട്ടു മുതൽ

ആലപ്പുഴ: ഓഗസ്റ്റ് 2017,ഡിസംബർ 2017, ജൂൺ 2018, ഓക്ടോബർ 2018, ജനുവരി 2019 എന്നീ വർഷങ്ങളിലെ കെ.ടെറ്റ് പരീക്ഷയുടെ  സർട്ടിഫിക്കറ്റ് മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും  ജൂലൈ എട്ട് മുതൽ 12വരെയുളള തീയതികൾക്കകം കൈപ്പറ്റേണ്ടതാണ്. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റുമായി നേരിട്ട് തന്നെ ഹാജരാകണം. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിന് കാലതാമസം വരുത്തിയാൽ ഫൈൻ ഈടാക്കുന്നതാണ്.
 

date