Skip to main content

ജൂലൈ മാസത്തെ റേഷൻ സാധനങ്ങൾ

ആലപ്പുഴ: എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോഗ്രാം പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിൽപ്പെട്ടവർക്ക് കിലോഗ്രാമിന് നാലു രൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം അരിയും കാർഡൊന്നിന് കിലോയ്ക്ക് 17 രൂപ നിരക്കിൽ മൂന്നു കിലോഗ്രാം ആട്ടയും ലഭിക്കും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ഒമ്പതു കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും കിലോയ്ക്ക് 17 രൂപ നിരക്കിൽ മൂന്നു കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുളള കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുളള കുടുംബങ്ങൾക്ക് നാലു ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 36 രൂപ നിരക്കിൽ  ലഭിക്കും.ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും സംശയവും പരാതികളും ഉണ്ടെങ്കിൽ താഴെപ്പറയുന്ന  നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. താലൂക്ക് സപ്ലൈ ഓഫീസ്, ചേർത്തല :0478-2823058, അമ്പലപ്പുഴ  :0477-2252547,കുട്ടനാട്  0477-2702352, കാർത്തികപ്പളളി 0479-2412751, മാവേലിക്കര 0479-2303231, ചെങ്ങന്നൂർ 0479-2452276, ആലപ്പുഴ 0477-2251674.                 
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അദാലത്ത് 12ന്

ആലപ്പുഴ: ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഈ മാസം 12ന് രാവിലെ 10ന് ആലപ്പുഴ സർക്കാർ ഗസ്റ്റ്ഹൗസിൽ അദാലത്ത് നടത്തും. അദാലത്തിൽ  പങ്കെടുക്കാൻ കമ്മീഷനിൽ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേദിവസം രാവിലെ 10ന് ഗസ്റ്റ്ഹൗസിൽ ഹാജരാകണം.                        
 

date