Skip to main content

വായനപക്ഷാചരണം: ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നാളെ

ആലപ്പുഴ: ജില്ലാ തല സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നാളെ(ജൂലൈ 5) രാവിലെ 10 മണിക്ക് ലജ്‌നത്തുൾ മുഹമ്മദിയ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ വകുപ്പ്, വിവര പൊതുജന സമ്പർക്ക വകുപ്പ്,  പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ എസ്.കുമാർ നിർവഹിക്കും. സ്‌കൂൾ മാനേജർ എ.എം.നസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചുനക്കര ജനാർദ്ദനൻ നായർ മുഖ്യ പ്രഭാഷണം നടത്തും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിയംഗം മുല്ലാബീവി ടീച്ചർ സ്വാഗതം പറയുന്ന ചടങ്ങിൽ ലജ്‌നത്ത് വാർഡ് മെമ്പർ സജീന ഫൈസൽ, പ്രിൻസിപ്പാൾ അഷറഫ് കുഞ്ഞാശാൻ, നാട്ടുവെളിച്ചം പ്രതാപൻ, മെഹബൂബ് എന്നിവർ സംസാരിക്കും. 

വായ്പ കുടിശിക തീർപ്പാക്കൽ അദാലത്ത് ജൂലൈ എട്ടിന്

ആലപ്പുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ജില്ലയിലെ വായ്പ കുടിശിക തീർപ്പാക്കൽ അദാലത്ത് ജൂലൈ എട്ട് രാവിലെ 9.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.റവന്യൂ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിക്കും. പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്ന ഗുണഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അദാലത്തിൽ തീർപ്പാക്കുന്ന തുക തിരിച്ചടയ്ക്കാൻ മൂന്നു മാസത്തെ സാവകാശം ലഭിക്കും.

അന്ധകാരനഴി ഷട്ടർ ജില്ല കളക്ടർ സന്ദർശിച്ചു 

ആലപ്പുഴ: ചേർത്തല അന്ധകാരനഴി ഷട്ടർ പരിസരം ജില്ല കളക്ടർ ഡോ. അദീല അബ്ദുല്ല സന്ദർശിച്ചു. വടക്കേ ഷട്ടർ തുറക്കുന്നതിനെ പറ്റിയും പൊഴി മുറിക്കുന്നതിന്റെയും കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കുവാനും പ്രശ്‌നങ്ങൾ പഠിക്കുവാനും വേണ്ടിയായിരുന്നു കളക്ടറുടെ സന്ദർശനം. ബുധനാഴ്ച രാവിലെ ആണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. തണ്ണീർമുക്കം ഡിവിഷൻ കുട്ടനാട് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയർ ആർ രേഖ ജില്ലാ കളക്‌ട്രോടൊപ്പം ഉണ്ടായി

( ചിത്രമുണ്ട്)
 

date