Skip to main content

ജില്ലയില്‍ 6.6ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ; 60501 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്കാദമിക്, ഭൗതിക മികവ് മൂലം  ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു. ഒന്നു മുതല്‍ 10 വരെയുള്ള 739650 കുട്ടികള്‍ 652819 കുട്ടികള്‍ പൊതുവിദ്യാലയത്തിലെത്തി. 86831 കുട്ടികള്‍ മാത്രമാണ് അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നത്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 71671 കുട്ടികളില്‍ 60501 കുട്ടികളും പൊതുവിദ്യാലയത്തിലാണ് പ്രവേശനം നേടിയത്. 100ല്‍ താഴെ കുട്ടികള്‍ പഠിച്ചിരുന്ന  28 വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം നൂറില്‍ കൂടുതലാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട്. എട്ടു മുതല്‍ 12 വരെയുള്ള 6100 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് മുറികളായി. എല്‍.പി,യു.പി സ്‌കൂളുകള്‍ക്ക് അടുത്ത ആഴ്ചയോട് കൂടി ഐ.ടി ലാബുകള്‍ നല്‍കും. ഭൗതിക മേഖലയില്‍ 16 സ്‌കൂളുകള്‍ക്ക് അഞ്ചു കോടിയും 86 സ്‌കൂളുകള്‍ക്ക്  മൂന്നു കോടിയും  66 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും  അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മൂന്നു സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള 13 സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

528 കുളങ്ങള്‍,1276 കിണറുകള്‍, 57 തടയണകള്‍
ഹരിതകേരളമിഷന്റെ ജലസമൃദ്ധിയുടെ ഭാഗമായി ജില്ലയില്‍ 528 കുളങ്ങളും 1276 കിണറുകളും 463 കി.മീറ്ററില്‍ തോടുകളും 57 തടയണകളും നിര്‍മിച്ചു. 243 കുളങ്ങളും 131 കിണറുകളും 25 തടയണകളും നവീകരിച്ചു. 691 കിണറുകള്‍ റീ ചാര്‍ജ് ചെയ്തു. 213424 മഴകുഴികള്‍ നിര്‍മിച്ചു. ശുദ്ധജലത്തിനായി പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൈലാടി ക്വാറി ഉപയോഗപ്പെടുത്തി. മാലിന്യ സംസ്‌കരണത്തിനായി 94 ഗ്രാമപഞ്ചായത്തുകളിലും 12 മുന്‍സിപ്പാലിറ്റികളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചു. മാലിന്യ ശേഖരിക്കാനായി 36 ഗ്രാമപഞ്ചായത്തിലും അഞ്ച് മുന്‍സിപ്പാലിറ്റിയിലും കളക്ഷന്‍ ഫോഴ്‌സ് രൂപീകരിച്ചു പ്രവര്‍ത്തനംമാരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശിയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി ചെറുവനങ്ങള്‍ സൃഷ്ടിക്കാന്‍ ആവിഷ്‌കരിക്കാന്‍ ആരംഭിച്ച പച്ചതുരുത്ത് നിര്‍മിക്കാന്‍ 36 സ്ഥലങ്ങള്‍ കണ്ടെത്തി. 108 കൃഷിഭവനുകളില്‍ ഹരിത സമൃദ്ധി വാര്‍ഡുകള്‍ കണ്ടെത്തും.

17 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി
   ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 17 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങി. രണ്ടാം ഘട്ടത്തില്‍ 42 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 17 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വൈകുന്നേരങ്ങളില്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങി. ശ്വാസകോശ അസുഖങ്ങളുമായി ബന്ധപ്പെട്ട് ശ്വാസ് ക്ലിനിക് മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട് ആശ്വാസ് ക്ലിനിക്കിന്റെയും പ്രവര്‍ത്തനം തുടങ്ങി. ഇ-ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
      നവകേരളമിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍  ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, ഹരിത കേരളമിഷന്‍ കോര്‍ഡിനേറ്റര്‍ പി.രാജു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍  എം.മണി, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് , ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.പി അഹമ്മദ് അഫ്‌സല്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കൃഷ്ണന്‍, ഹയര്‍സെക്കന്‍ഡറി റീജിനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സ്‌നേഹലത തുടങ്ങിയവര്‍ പങ്കെടുത്തു.

 

date