Skip to main content

ഹജ്ജ് ക്യാമ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

 കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് നാളെ (ശനിയാഴ്ച) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ശനിയാഴ്ച വൈകീട്ട് 4.30 ന് ഹജ്ജ് ഹൗസില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തും. എം.പി മാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എളമരം കരീം, എം.കെ.രാഘവന്‍, പി.വി.അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിന്‍, പി.ടി.എ. റഹീം, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ടി.കെ.ഹംസ, മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി.ഷീബ വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സേവന മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
     കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ഏഴിന് ഞായറാഴ്ച ഉച്ചയ്ക്ക് 2.25 ന് പുറപ്പെടും. 300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഏഴ് മുതല്‍ 20 വരെ സൗദി എയര്‍ലൈന്‍സിന്റെ 36 വിമാനങ്ങളിലായാണ് ഹാജിമാര്‍ യാത്രയാകുന്നത്. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 13 ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. നെടുമ്പാശ്ശേരിയില്‍ നിന്നും ജൂലൈ 14 മുതല്‍ 17 വരെ എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. എട്ട് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നു ഹജ്ജിനായി സര്‍വീസ് നടത്തുന്നത്.

 

date