Skip to main content
ജല്‍ശക്തി അഭിയാന്‍ യോഗത്തില്‍  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ സംസാരിക്കുന്നു.

ജലദൗര്‍ലഭ്യം കുറയ്ക്കാന്‍ ജന്‍ശക്തി അഭിയാന്‍   

                                   

ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി  താഴുന്നതിനെ പ്രതിരോധിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ചേമ്പറില്‍ ചേര്‍ന്ന ജല്‍ശക്തി അഭിയാന്‍ യോഗത്തില്‍  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ജില്ലാ പ്ലാനിംഗ് ഓഫീസറോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൈപ്പ് വെള്ള വിതരണത്തിന്റെ ലഭ്യത വിലയിരുത്തുന്നതിന് കേന്ദ്ര ജലവകുപ്പ് ജല്‍ശക്തി അഭിയാന്‍ നിര്‍ദ്ദേശ പ്രകാരമായിരുന്നു യോഗം ചേര്‍ന്നത്. ജില്ലയിലെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താനും ജലദൗര്‍ലഭ്യം കുറയ്ക്കാനുമായി ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ യോഗത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. 

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജല്‍ ശക്തി അഭിയാന്‍. ജൂലൈ 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതി നടത്തിപ്പിലാക്കുകയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ലക്ഷ്യം. പദ്ധതി വിശദീകരണം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ. ഷീല നിര്‍വ്വഹിച്ചു. അഞ്ച് ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  ജലസംരക്ഷണവും മഴവെള്ള സംഭരണവും പരമ്പരാഗത ജലസ്രോതസ്, കുളം എന്നിവയുടെ നവീകരണം, കുഴല്‍ക്കിണര്‍ പുനരുദ്ധാരണവും പുനരുപയോഗവും, തണ്ണീര്‍ത്തട സംരക്ഷണം, തീവ്രവന ചൂഷണം എന്നീ കാര്യങ്ങളില്‍ ചര്‍ച്ച നടത്തി. അതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് ഏകദിന ശില്‍പ്പശാല കലക്ടറേറ്റില്‍ സംഘടിപ്പിക്കും. നിലവിലെ ജലസ്രോതസ്സുകളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് വകുപ്പുതല ഉദ്യോഗസ്ഥരോട് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശിച്ചു. ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെ ആദ്യഘട്ട ക്യാമ്പയിന്‍ നടത്തും. സ്‌കൂള്‍തലം മുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മണ്‍സൂണ്‍ മഴയെ ആശ്രയിച്ച് രണ്ടാംഘട്ട ക്യാമ്പയിന്‍ ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ നടത്തും.. യോഗത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date