Skip to main content

കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

സ്‌കൂളുകളില്‍ ആരംഭിക്കുന്ന സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയുടെ ഭാഗമായുള്ള സൈക്കിള്‍ കാര്‍ണിവല്‍ ഉദ്ഘാടനം  ഇന്ന് (ജൂലൈ 19) ഉച്ചക്ക് 2 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ജൂലൈ 19 മുതല്‍ 26 വരെ വരെയാണ് സൈക്കിള്‍ കാര്‍ണിവല്‍. കാരപ്പറമ്പ് ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ മുഖ്യാതിഥിയാവും. 

ജില്ലാ വിദ്യാഭ്യാസ വകുപ്പ്, കേരള മാരിടൈം ബോര്‍ഡ്, ഹയര്‍സെക്കന്ററി വിഭാഗം എന്‍.എസ്.എസ്, ഹരിത കേരള മിഷന്‍, ഡി.ടി.പി.സി, എന്‍.സി.സി, ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വന്തമായി സൈക്കിള്‍ സ്വപ്നമായി കൊണ്ടുനടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്നതിനായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്.എസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈക്കിള്‍ സ്‌മൈല്‍ ചാരിറ്റി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.  പുനരുപയോഗത്തിന് സാധ്യമായ സൈക്കിളുകള്‍ സ്വീകരിക്കുന്നതിനായി ഹരിത കേരള മിഷന്റെയും കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെ പുറപ്പെടുന്ന ഗ്രീന്‍ എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിക്കും.  

 

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെയും ഗ്രീന്‍ കെയര്‍മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചാലഞ്ചിന്റെയും  നേതൃത്വത്തിലാണ് സൈക്കിള്‍ ബ്രിഗേഡിന്റെ ഭാഗമായി കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ മിഷനുകളുടെ പ്രചാരകരാക്കി വിദ്യാര്‍ത്ഥികളെ മാറ്റാനും മികച്ച രീതിയില്‍ സൈക്കിള്‍ ഉപയോഗിക്കാനും കുട്ടികളെ പ്രാപ്തരാക്കാനാണ് സൈക്കിള്‍ ബ്രിഗേഡ് പദ്ധതി ആരംഭിച്ചത്. 

   

24 മുതല്‍ 26 വരെ കോഴിക്കോട് മര്‍ച്ചന്റ് നേവി ഹാളിന് എതിര്‍ വശമുള്ള മാരിടൈം ഗ്രൗണ്ടില്‍ ഇ-ബൈസിക്കിള്‍ എക്‌സ്‌പോ, സൈക്കിള്‍ ക്ലിനിക്ക്, സൈക്കിള്‍ കഫേ, ഡകാത്ത്‌ലോണ്‍ എക്‌സ്പീരിയന്‍സ്, സൈക്കിള്‍ ലേലം തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 

 

ജൂലൈ 26 ന് വൈകീട്ട് 3 മണിക്ക് സൈക്കിള്‍ ബ്രിഗേഡ് പദ്ധതിയില്‍ ചേരാനാഗ്രഹിക്കുന്നവരുടെ സംഗമവും നടക്കും. 4 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ് ലോഞ്ചിംഗ് നിര്‍വഹിക്കും

 

 

 

 

 

പന്നി വളര്‍ത്തലില്‍ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍  ജൂലൈ 24 ന്   പന്നി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.    പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറു മായി 24  ന് രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ  പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരണം. ഫോണ്‍ - 04912 815454. 

 

സ്‌കാവഞ്ചര്‍ നിയമനം

മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട്  ആര്‍.എസ്.ബി.വൈക്ക് കീഴില്‍ സ്‌കാവഞ്ചര്‍ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണ് ഉള്ളത്. യോഗ്യത: എട്ടാം ക്ലാസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജില്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും  സഹിതം ജൂലൈ 20ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം. 

 

സൗജന്യ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഈ രംഗത്തെ മുന്‍നിര സ്ഥാപനമായ ലക്ഷ്യ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/കണക്ക് വിഷയങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍  ജൂലൈ 23 നകം സമര്‍പ്പക്കണമെന്ന് ഉത്തരമേഖലാ പട്ടികജാതി വികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ 0484 4333722, 9061238877 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

 

date