Skip to main content

താനാളൂരിലെ ഡയാലിസിസ് സെന്റര്‍ വിപുലീകരിക്കുന്നു പത്ത് യൂനിറ്റുള്ള കേന്ദ്രമാക്കാന്‍ തീരുമാനം

 

താനാളൂര്‍ പഞ്ചായത്ത് കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍   കൂടുതല്‍ യൂനിറ്റുകള്‍ ഉള്‍പ്പെടുത്തി  വിപുലികരിക്കുന്നു. നിലവില്‍ ആറ് യൂനിറ്റുകളുള്ള സെന്ററില്‍ പുതുതായി നാല് ഡയാലിസിസ് യൂനിറ്റ് കൂടി ഉള്‍പ്പെടുത്തി 10 യൂനിറ്റുകളാക്കി ഉയര്‍ത്താനാണ്  തീരുമാനം. താനാളൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 67 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയാലിസിസിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് രണ്ട് യൂനിറ്റ് സംവിധാനവുമായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. എന്നാല്‍ രോഗികളുടെ ആധിക്യമുണ്ടായതോടെ സെന്ററില്‍ 10 യൂനിറ്റ് ഡയാലിസിസ് സൗകര്യമൊരുക്കാനാവശ്യമായ പ്രാഥമിക നടപടികള്‍ തുടങ്ങുകയായിരുന്നു. അധികമായി വരുന്ന നാല് യൂനിറ്റുകള്‍ക്കുള്ള സാമ്പത്തികം കണ്ടെത്താന്‍ പൊതു-സ്വകാര്യ സമാഹരണത്തിനൊരുങ്ങുകയാണ് പഞ്ചായത്ത് അധികൃതരും കിഡ്നി വെല്‍ഫെയര്‍ സൊസൈറ്റി ഭാരവാഹികളും.
ഡയാലിസിസ് സെന്ററില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായുള്ള താനാളൂരില്‍ നടന്ന സംയുക്ത യോഗം  പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു. കിഡ്നി വെല്‍ഫയര്‍ സൊസൈറ്റി  ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.അബ്ദുറസാഖ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം മല്ലിക, സ്ഥിരം സമിതി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.സമീര്‍, പി.പി.ബഷീര്‍, മുജീബ് താനാളൂര്‍, എം.അബ്ദു സലാം, പി.അയ്യൂബ്, കെ.മൊയ്തീന്‍ കുട്ടി ഹാജി,കെ.പി.പ്രഭാകരന്‍, പി. പ്രസാദ്, കെ. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

 

date